കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് വിപണിയിൽ അരക്കോടിയിലേറെ രൂപ വിലമതിക്കുന്ന അതിമാരക രാസലഹരി പിടികൂടിയ കേസിലെ ആറാം പ്രതിയും അറസ്റ്റിലായി. പെരിന്തൽമണ്ണ പുത്തനത്താണി സ്വദേശി അത്തിക്കോട്ടിൽ വീട്ടിൽ ശബരീഷ് (27) ആണ് മലപ്പുറം കൊളത്തൂരിൽ നിന്ന് കസബ പൊലീസ് പിടികൂടിയത്.
2025 നവംബർ 24-ന് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ വാട്ടർ ഹീറ്ററിനുള്ളിൽ രഹസ്യമായി ലഹരി കടത്തിയതായാണ് കണ്ടെത്തിയത്. സ്റ്റിക്കർ ഉപയോഗിച്ച് മറച്ച രീതിയിലായിരുന്നു കടത്ത്.
കോഴിക്കോട് സിറ്റി ഡാൻസാഫും കസബ പൊലീസും ചേർന്ന് നടത്തിയ ആദ്യ ഘട്ട പരിശോധനയിൽ 241.5 ഗ്രാം എം.ഡി.എം.എ, 43.5 ഗ്രാം തൂക്കം വരുന്ന 90 എക്സ്റ്റസി ഗുളികകൾ, 1.110 ഗ്രാം തൂക്കം വരുന്ന 99 എൽഎസ്ഡി സ്റ്റാമ്പുകൾ എന്നിവ പിടികൂടിയിരുന്നു.
ഇതിനുമുമ്പ് കേസിൽ കോഴിക്കോട് തിരുവണ്ണൂർ സ്വദേശികളായ മുഹമ്മദ് ഇർഫാൻ (29), ഷഹദ് (27) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുറ്റിച്ചിറ സ്വദേശികളായ ആദിൽ മഷൂദ് (27), സിറാജുദ്ദീൻ (27) എന്നിവരും നൈജീരിയൻ സ്വദേശിയായ ചുക്വജേക്വ എബെനെസിർ ഉമേഹ് (65) ഡൽഹിയിലെ തിലക് നഗറിൽ നിന്ന് പിടിയിലായതായും പൊലീസ് അറിയിച്ചു.
തുടർ അന്വേഷണത്തിൽ ശബരീഷിന്റെ അക്കൗണ്ടിൽ നിന്ന് 1,65,000 രൂപ നൈജീരിയൻ സ്വദേശിയുടെ അക്കൗണ്ടിലേക്ക് കൈമാറിയതായി കണ്ടെത്തി. ചോദ്യംചെയ്യലിൽ ലഹരി കടത്ത് ശൃംഖലയിൽ ശബരീഷിനും പങ്കുണ്ടെന്ന് മറ്റു പ്രതികൾ സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
മറ്റു കരിയർമാർ പിടിയിലായതോടെ ഒളിവിൽ പോയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കൊളത്തൂരിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്. കസബ പൊലീസ് ഇൻസ്പെക്ടർ ജിമ്മി പി.ജെ, എസ്ഐ സജേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിജിത്ത്, ദീപു എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.




