കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതികൾക്കെതിരായ പ്രോസിക്യൂഷൻ അനുമതി സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പ്രതികൾ സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി, കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവും സ്റ്റേ ചെയ്തു.
കോടതിയലക്ഷ്യ കേസിലെ അപ്പീലിൽ വിശദമായ വാദം കേൾക്കാനും ഡിവിഷൻ ബെഞ്ച് തീരുമാനിച്ചു. സിംഗിൾ ബെഞ്ച് വിധിയിലെ നിയമപ്രശ്നങ്ങൾ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. അടുത്ത ഉത്തരവ് വരുന്നതുവരെയാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്.
ഹൈക്കോടതിയുടെ നിർബന്ധത്തെ തുടർന്നാണ് പ്രോസിക്യൂഷൻ അനുമതി നൽകിയതെന്നായിരുന്നു പ്രതികളുടെ പ്രധാന വാദം. കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്ന ഘട്ടത്തിൽ പ്രോസിക്യൂഷൻ നടപടികൾക്ക് സർക്കാർ അനുമതി നൽകണമെന്ന് നിർബന്ധിക്കാൻ കോടതിക്ക് കഴിയില്ലെന്നും പ്രതികൾ വാദിച്ചു.
പ്രതികളുടെ വാദം കേൾക്കാതെയാണ് പ്രോസിക്യൂഷൻ അനുമതി നൽകാനുള്ള തീരുമാനം എടുത്തതെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് അപ്പീൽ ഫയലിൽ സ്വീകരിച്ചത്.
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകണമെന്ന് നേരത്തെ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. തുടർന്ന് സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകി ഉത്തരവിറക്കി. എന്നാൽ ഉത്തരവിന്റെ പകർപ്പ് പ്രതികൾക്ക് ലഭ്യമാക്കുന്നതിലടക്കം വീഴ്ചയുണ്ടായതിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
ഉദ്യോഗസ്ഥർക്ക് ‘രാജാവിനേക്കാൾ വലിയ രാജഭക്തി’യാണെന്നടക്കം കോടതി വിമർശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രോസിക്യൂഷൻ അനുമതി സ്റ്റേ ചെയ്തുകൊണ്ടുള്ള ഡിവിഷൻ ബെഞ്ചിന്റെ നടപടി.
2006 മുതൽ 2015 വരെ കശുവണ്ടി ഇറക്കുമതി ചെയ്തതിൽ ചട്ടങ്ങൾ ലംഘിച്ച് കോടികളുടെ അഴിമതി നടത്തിയെന്നും ഇതുവഴി കശുവണ്ടി വികസന കോർപ്പറേഷന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നുമാണ് കേസ്. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഖാദി ബോർഡ് സെക്രട്ടറിയായിരുന്ന രതീഷ് ഒന്നാം പ്രതിയും ആർ. ചന്ദ്രശേഖരൻ മൂന്നാം പ്രതിയുമാണ്.
പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട നിയമപ്രശ്നത്തിൽ ഡിവിഷൻ ബെഞ്ചിന്റെ വിശദമായ വാദം കേസിൽ നിർണായകമാകും.


