തിരുവനന്തപുരം: മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് ഇനി വരാനിരിക്കുന്നത് വരൾച്ചാക്കാലമെന്ന് സൂചന. 2024 ലും 2025 ലും 13 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ മഴക്കുറവ് 22 ശതമാനമായി ഉയർന്നു. ഈ മാസവും മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. മൺസൂൺ മഴയിലെ കുറവു മൂലം രാജ്യം മൊത്തത്തിൽ കടുത്ത വരൾച്ചാഭീഷണിയിലൂടെയാണ് കടന്നുപോകുന്നത്.
കാലവർഷക്കാലത്ത്, ജൂൺ 1 മുതൽ ഓഗസ്റ്റ് 30 വരെ ഇന്ത്യയിൽ 603.7 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ 700.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണ് ഈ മഴക്കുറവ്. സെപ്റ്റംബർ മാസത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയേക്കാൾ വരണ്ടതും ചൂടുള്ളതുമായിരിക്കും. ഇതോടെ ഈ മൺസൂൺ സീസൺ വരൾച്ചാ വിഭാഗത്തിൽ പെടുത്താനുള്ള സാധ്യതയേറിയിരിക്കുകയാണ്. മൺസൂൺ പിൻവാങ്ങൽ സെപ്റ്റംബർ 17 ന് ഉണ്ടായേക്കുമെന്നും കാലാവസ്ഥ വകുപ്പ് സൂചിപ്പിച്ചു.
സെപ്റ്റംബറിൽ രാജ്യത്തുടനീളം മഴയുടെ തോത് സാധാരണയിലും താഴെയായിരിക്കും. ദീർഘകാല ശരാശരിയുടെ 91 ശതമാനത്തിൽ താഴെ ആയിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പസഫിക് സമുദ്രത്തിൽ നിലനിൽക്കുന്ന ശക്തമായ എൽനിനോ സാഹചര്യങ്ങളാണ് മഴ കുറയാൻ കാരണം. മഴ കുറയുന്നത് പകൽ, രാത്രി സമയങ്ങളിലെ താപനില വർധനവിന് കാരണമാകുമെന്നും കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 1901 ന് ശേഷം ഏറ്റവും ചൂടേറിയ ഓഗസ്റ്റാണ് ഇത്തവണ കടന്നുപോയതെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.




