തൃശൂർ: സിപിഐയിൽ നിന്ന് പുറത്തായ നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നു. തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസായ നമോ ഭവനിലെത്തി എ.എൻ. രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് മുകുന്ദൻ അംഗത്വം സ്വീകരിച്ചത്. ഷാൾ അണിയിച്ചാണ് നേതാക്കൾ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
ബിജെപി ഇന്ത്യയിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണെന്നും ഈ പ്രസ്ഥാനത്തോടൊപ്പം പ്രവർത്തിക്കുമെന്നും മുകുന്ദൻ പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി തന്നെ സ്ഥാനാർഥിയാക്കുകയും പിന്തുണ നൽകുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. നാട്ടികയിലെ സിപിഐ സ്ഥാനാർഥിത്വം ‘പെയ്മെന്റ് സീറ്റ്’ ആണെന്ന തന്റെ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിൽ മുകുന്ദൻ യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നെങ്കിലും പിന്നീട് കോൺഗ്രസ് സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ തീരുമാനിച്ചു. നാട്ടികയിൽ സുനിൽ ലാലൂർ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നാണ് സൂചന. മുകുന്ദൻ വിമതനായി മത്സരിച്ചാൽ സിപിഐയ്ക്ക് ലഭിക്കേണ്ട വോട്ടുകൾ വിഭജിക്കപ്പെടുകയും അതിലൂടെ യുഡിഎഫിന് നേട്ടമുണ്ടാകാമെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് കഴിഞ്ഞ ദിവസം സിപിഐ മുകുന്ദനെ പുറത്താക്കിയത്. നാട്ടികയിൽ അദ്ദേഹത്തിന് പകരം മുൻ എംഎൽഎ ഗീതാ ഗോപിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെയാണ് വിവാദം ശക്തമായത്. ഗീതാ ഗോപിയുടെ സ്ഥാനാർഥിത്വം ‘പെയ്മെന്റ് സീറ്റ്’ ആണെന്നും പണം നൽകാൻ തയ്യാറാകാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും മുകുന്ദൻ ആരോപിച്ചിരുന്നു. കോൺഗ്രസിന്റെ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് മുകുന്ദൻ ബിജെപിയിൽ ചേർന്നത്.






