ന്യൂഡൽഹി: രാജ്യത്തെ റീട്ടെയിൽ മെഡിക്കൽ ഷോപ്പുകളിൽ മരുന്ന് വിൽപനയും വിതരണവും സിസിടിവി നിരീക്ഷണത്തിലാക്കാൻ കേന്ദ്ര സർക്കാർ നീക്കം. 1945ലെ ഡ്രഗ്സ് റൂൾസിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി.
മരുന്നുകളുടെ വിൽപനയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും അനധികൃത വിൽപന തടയുന്നതിനുമാണ് പുതിയ നിർദേശത്തിലൂടെ ലക്ഷ്യമിടുന്നത്. നിയമഭേദഗതി പ്രാബല്യത്തിൽ വന്നാൽ രാജ്യത്തെ എല്ലാ റീട്ടെയിൽ ഫാർമസികളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാകും.
ഫാർമസികളിൽ സ്ഥാപിക്കുന്ന സിസിടിവി സംവിധാനത്തിന്റെ പ്രവർത്തനവും പരിപാലനവും ഉറപ്പാക്കണമെന്നും കരട് വിജ്ഞാപനത്തിൽ നിർദേശിക്കുന്നു. ക്യാമറകളിൽ റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങൾ കുറഞ്ഞത് മൂന്ന് മാസത്തേക്ക് സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. അതേസമയം, ഹോൾസെയിൽ മരുന്ന് വ്യാപാര സ്ഥാപനങ്ങളെ നിർദേശത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്കും ഫാർമസി സംഘടനകൾക്കും അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും സമർപ്പിക്കാൻ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ലഭിക്കുന്ന പ്രതികരണങ്ങൾ പരിഗണിച്ച ശേഷമായിരിക്കും ഭേദഗതി അന്തിമമാക്കി ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ നടപ്പാക്കുക.
മരുന്നുകളുടെ ദുരുപയോഗം, അനധികൃത വിൽപന, അശാസ്ത്രീയമായ സ്വയംചികിത്സ എന്നിവയുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം.












