കൊച്ചി: ഏഷ്യൻ ഗെയിംസിനിടെ പരിക്കേറ്റ മലയാളി ലോങ്ജമ്പ് താരം എം. ശ്രീശങ്കറിന്റെ ശസ്ത്രക്രിയയുടെ പൂർണ ചെലവും ഉത്തരവാദിത്തവും ഏറ്റെടുത്ത് കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ശ്രീശങ്കർ എത്രയും വേഗം കളിക്കളത്തിലേക്ക് തിരിച്ചെത്തട്ടെയെന്നും ഒളിമ്പിക്സ് സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കേന്ദ്ര സർക്കാരിന്റെയും കായിക മന്ത്രാലയത്തിന്റെയും പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ അഭിമാനമായ ശ്രീശങ്കർ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് തിരിക്കുകയാണെന്നും താരത്തിന് ഏറ്റവും മികച്ച ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ശസ്ത്രക്രിയയുടെ മുഴുവൻ ചെലവും കേന്ദ്രം ഏറ്റെടുത്തതെന്നും സുരേഷ് ഗോപി കുറിച്ചു. പരിക്കുകൾ പ്രതിഭകൾക്ക് മുന്നിൽ തടസ്സമാകരുതെന്നും ഒളിമ്പിക്സ് വേദികളിൽ രാജ്യത്തിന്റെ അഭിമാനമുയർത്താൻ താരങ്ങളെ സജ്ജരാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലണ്ടനിലെ ഫോർഷ്യസ് ക്ലിനിക്കിൽ ഒക്ടോബർ 13 ചൊവ്വാഴ്ചയാണ് ശ്രീശങ്കറിന്റെ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. ലോകപ്രശസ്ത സ്പോർട്സ് ഓർത്തോപീഡിക് സർജൻ ഡോ. പീറ്റർ ഡിഹൂഗിന്റെ നേതൃത്വത്തിൽ ലിഗമെന്റ് പുനർനിർമാണം ഉൾപ്പെടെയുള്ള ശസ്ത്രക്രിയയാണ് നടത്തുക.
കായിക താരങ്ങൾക്ക് ലോകോത്തര ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അടിയന്തര സാഹചര്യത്തിൽ ആവശ്യമായ സാമ്പത്തിക സഹായവും ഇടപെടലുകളും ഉറപ്പാക്കിയ കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്കും സുരേഷ് ഗോപി നന്ദി അറിയിച്ചു. ശ്രീശങ്കറിന്റെ വേഗത്തിലുള്ള രോഗമുക്തിക്കും വിജയകരമായ തിരിച്ചുവരവിനും അദ്ദേഹം ആശംസകൾ നേർന്നു.




