ന്യൂഡൽഹി: ഇറാനിലെ ചബഹാർ തുറമുഖ പദ്ധതിക്ക് നൽകിയിരുന്ന അമേരിക്കൻ ഉപരോധ ഇളവ് ഇന്ന് അവസാനിക്കും. ഇളവ് അവസാനിക്കുന്നതോടെ, 23 വർഷത്തിലേറെയായി തുടരുന്ന ചബഹാർ പദ്ധതിയിൽ ഇന്ത്യ തുടരണമോ, അല്ലെങ്കിൽ അമേരിക്കൻ ഉപരോധ സാധ്യത കണക്കിലെടുത്ത് പിന്മാറണമോ എന്നതിൽ കേന്ദ്ര സർക്കാർ നിർണായക തീരുമാനമെടുക്കേണ്ട സാഹചര്യമാണുള്ളത്.
തന്ത്രപരമായ സ്വയംഭരണവും അന്താരാഷ്ട്ര ഉപരോധ സമ്മർദ്ദവും തമ്മിൽ സമതുലനം കണ്ടെത്തുക ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. 2025 ഒക്ടോബറിലാണ് പദ്ധതിയിൽ നിന്ന് ഘട്ടംഘട്ടമായി പിന്മാറാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് അമേരിക്ക അവസാനമായി ആറുമാസത്തെ ഇളവ് അനുവദിച്ചത്. അതിനുശേഷം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അമേരിക്കൻ അധികൃതരുമായി തുടർച്ചയായി ചർച്ചകൾ നടത്തിയിരുന്നു.
എന്നാൽ യുഎസ്–ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ ഇളവ് വീണ്ടും നീട്ടാൻ സാധ്യത കുറവാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് നൽകിയിരുന്ന ഉപരോധ ഇളവുകൾ ഇനി നീട്ടില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 19ന് കാലാവധി അവസാനിച്ച ഈ ഇളവുകൾ പുനഃസ്ഥാപിക്കില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡ് ആണ് ചബഹാർ തുറമുഖത്തിന്റെ പ്രവർത്തന നിയന്ത്രണം വഹിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഐപിജിഎല്ലിന്റെ ഓഹരികൾ താൽക്കാലികമായി ഇറാനിയൻ കമ്പനിക്ക് കൈമാറുന്നതിനുള്ള സാധ്യതകളും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.




