വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വിരുന്നിനിടെ വെടിവെപ്പ് ഉണ്ടായത് ആശങ്കയുണർത്തി. പരിപാടി ആരംഭിച്ചതിന് പിന്നാലെ മുറിക്ക് പുറത്തുനിന്നാണ് വെടിയൊച്ച കേട്ടത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപ് അടക്കമുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകർ സംഘടിപ്പിച്ച അത്താഴ വിരുന്നിനിടെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ ആരെങ്കിലും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല.
അതേസമയം, പരിപാടിക്ക് മുൻപ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് നടത്തിയ ഒരു പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തെ കുറിച്ച് സംസാരിക്കുമ്പോൾ, “ഇന്ന് രാത്രി ഇവിടെ ചില വെടിയൊച്ചകൾ ഉണ്ടാകും” എന്ന് അവർ പറഞ്ഞിരുന്നു. എന്നാൽ ഇത് പ്രസംഗത്തിന്റെ ആവേശം സൂചിപ്പിക്കാൻ പറഞ്ഞതാണെന്നാണ് വിലയിരുത്തൽ. പിന്നീട്, കാലിഫോർണിയയിൽ നിന്നുള്ള 31-കാരനായ കോൾ തോമസ് അലൻ ആണ് ആക്രമിയെന്ന് യുഎസ് അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




