ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയിൽ നിന്ന് ബിജെപിയില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ച രാജ്യസഭാ എംപി രാഘവ് ഛദ്ദക്കെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. ആം ആദ്മി പാര്‍ട്ടി മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചതിനാലാണ് താന്‍ ബിജെപിയില്‍ ചേരുന്നത് എന്ന് രാഘവ് ഛദ്ദ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രകാശ് രാജിന്റെ പ്രതികരണം. കുറ്റകൃത്യങ്ങള്‍ തടയുക എന്ന ആശയത്തില്‍ നിന്ന് പൊലീസ് സേന വ്യതിചലിച്ചതിനാല്‍ അതുകൊണ്ട് രാഘവ് ഛദ്ദ ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു എന്നാണ് പ്രകാശ് രാജിന്റെ പരിഹാസം. ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ രാഘവ് ഛദ്ദയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമായിരുന്നു. ജെന്‍സികള്‍ ഉള്‍പ്പെടെയുളള യുവതലമുറയുടെ വലിയ പിന്തുണ ഉണ്ടായിരുന്ന നേതാവാണ് രാഘവ് ഛദ്ദ. എന്നാൽ, രാഘവിനെ അണ്‍ഫോളോ ചെയ്താണ് ജെന്‍സികളുള്‍പ്പെടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്.




