കൊച്ചി: കളമശ്ശേരി വട്ടേക്കുന്നത്തെ ഒരു ലോഡ്ജിൽ നടത്തിയ റെയ്ഡിൽ മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേരെ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഇടപ്പള്ളി സ്വദേശി സിയാദ് (42), കൊല്ലം ചിതറ സ്വദേശി ആദിൽ അൻസാർ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 6.79 ഗ്രാം എംഡിഎംഎയും 56.98 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.
തൃക്കാക്കരയിൽ കഴിഞ്ഞ ദിവസം പിടിയിലായ ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയായ കെവിൻ ബി. മാത്യുവാണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. കൊച്ചി നഗരകേന്ദ്രമായി പ്രവർത്തിക്കുന്ന വലിയ മയക്കുമരുന്ന് സംഘത്തിന്റെ ഭാഗമാണ് ഇവരെന്നും സംശയിക്കുന്നു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിമരുന്നിന്റെ ഉറവിടവും ഇടപാടുകാരും സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.




