ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 2026ലെ എഐഎഎ ഗോദാർഡ് അസ്ട്രോനോട്ടിക്സ് അവാർഡ് നേടി. അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏറോനോട്ടിക്സ് ആൻഡ് അസ്ട്രോനോട്ടിക്സ് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണിത്. മാർച്ച് 21ന് വാഷിങ്ടണിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിനയ് ക്വാത്ര ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഇസ്രോയ്ക്ക് വേണ്ടി അവാർഡ് ഏറ്റുവാങ്ങി.
2023 ഓഗസ്റ്റ് 23നാണ് ചന്ദ്രയാൻ-3 ചരിത്ര നേട്ടം കൈവരിച്ചത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയാണ് ദൗത്യം ലോകശ്രദ്ധ നേടിയത്. ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയും ചെയ്തു. ശാസ്ത്രീയമായും തന്ത്രപ്രധാനമായും ഏറെ പ്രാധാന്യമുള്ള മേഖലയാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവം. ഈ പ്രദേശത്തെ കുറിച്ചുള്ള പഠനങ്ങൾക്ക് ചന്ദ്രയാൻ-3 പുതിയ വഴിത്തിരിവായി മാറിയിരുന്നു. ദൗത്യത്തിന്റെ വിജയം ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.






