കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്സൈസ് കുറ്റപത്രം സമര്‍പ്പിച്ചു . ഖാലിദ് റഹ്മാനും അഷ്റഫ് ഹംസക്കും പുറമേ ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതിയായ കേസിലാണ് കുറ്റപത്രം നല്‍കിയത്. കേസെടുത്ത് ആറുമാസം പിന്നിടുമ്പോളാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
എന്നാല്‍ ഇവര്‍ക്ക് ലഹരി എത്തിച്ചുനല്‍കിയ ഇടനിലക്കാരനെ കണ്ടെത്താനായില്ല. കോഴിക്കോട് സ്വദേശിയായ നവീനാണ് ലഹരി കൈമാറിയതെന്ന് പ്രതികളുടെ മൊഴി. ഇതിന് തെളിവില്ലെന്ന് എക്സൈസ് വ്യക്തമാക്കുന്നു. സമീര്‍ താഹിറിന്റെ അറിവോടെയാണ് ഫ്ലാറ്റിലെ ലഹരി ഉപയോഗമെന്നും അന്വേഷണ സംഘം കണ്ടെത്തി.
കഴിഞ്ഞ ഏപ്രില്‍മാസത്തിലാണ് സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റില്‍വെച്ച് ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും ഒപ്പം ഇരുവരുടെയും സുഹൃത്തിനെയും എക്സൈസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് നടത്തിയ പരിശോധയിലാണ് ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. മൂവരും കഞ്ചാവ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിക്കപ്പെട്ടത്.




