കോട്ടയം: ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്റെ 43-ാമത് വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ ഷേർളി തോമസ്, ഫ്രാൻസിസ് ജോസഫ് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും ജനുവരി 21-ാം തീയതി ബുധനാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 1.45-ന് പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം വികാരി ജനറാൾ ഡോ. ജോസഫ് മലേപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ എ-ഗ്രേഡ് നേടിയ മാസ്റ്റർ ചന്ദ്രകാന്ത് പി.എസ്. ചടങ്ങിൽ സംഗീതാർച്ചന നടത്തും. ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീകല ആർ., പി.ടി.എ. പ്രസിഡന്റ് ഷെറിൻ കുര്യാക്കോസ് തയ്യിൽ, അധ്യാപക പ്രതിനിധി ജിജി ജോസഫ്, വിദ്യാർത്ഥി പ്രതിനിധി കുമാരി ഫെമി ഷിജോ തുടങ്ങിയവർ പ്രസംഗിക്കും. സമ്മേളനത്തോടനുബന്ധിച്ച് സ്കോളർഷിപ്പ് വിതരണവും വിവിധ കലാപരിപാടികളും അരങ്ങേറും.










