കൊച്ചി: ചേരാനെല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ വാഹന ഉടമയും 17കാരന്റെ പിതാവുമായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് നടപടി. പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കാനും പൊലീസ് കോടതിയിൽ അപേക്ഷ നൽകും. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക.
അപകടമുണ്ടാക്കിയ 17കാരൻ സ്ഥിരമായി കാർ ഓടിക്കുന്നയാളാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അമിതവേഗത്തിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനാണ് രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്നും പൊലീസ് പറയുന്നു. അപകടത്തിന് മുമ്പ് മണിക്കൂറിൽ 104 കിലോമീറ്റർ വേഗത്തിൽ കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത 17കാരനെ ഞായറാഴ്ച വൈകിട്ടോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ലൈസൻസില്ലാതെ വാഹനമോടിച്ചതിനും അമിതവേഗത്തിൽ വാഹനമോടിച്ചതിനും മോട്ടോർ വാഹന നിയമത്തിലെ 181, 183 വകുപ്പുകൾ പ്രകാരം 17കാരനെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം, പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചതിൽ പ്രതിഷേധിച്ച് ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങൾ ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ ജയബാലകൃഷ്ണന്റെ മകൾ തളർന്നുവീണു. നീതിക്കായി ഏതറ്റംവരെയും പോകുമെന്ന് മകൾ പ്രതികരിച്ചു.


