ചെന്നൈ: രാജസ്ഥാൻ വിട്ട് സഞ്ജു സാംസൺ ചെന്നൈയിൽ എത്തിയത് ആരാധകർക്കിടയിൽ വൻ ആവേശം ഉണർത്തിയിരുന്നു. ജഡേജയെ രാജസ്ഥാന് വിട്ട് കൊടുത്താണ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്. എന്നാൽ ആദ്യ മത്സരത്തിൽ സഞ്ജുവിന്റെ പ്രകടനം ദയനീയമായിരുന്നു. എന്നാലും ചേട്ടൻ തിരിച്ചെത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്റ്റേഡിയത്തിൽ സഞ്ജു ഇന്ന് അരങ്ങേറും.ധോണി ഇല്ലാതെയാണ് ചെന്നൈ സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങുന്നത്. പരിക്കേറ്റ ധോണി പുറത്തിരിക്കുമ്പോൾ ആരാധകർ ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണിലേക്കാണ്. പഞ്ചാബ് കിംഗ്‌സിനെതിരെയാണ് ഇന്ന് മത്സരം.
ചരിത്രം പരിശോധിച്ചാൽ ചെന്നൈയാണ് മുന്നിലെങ്കിലും, സമീപകാലത്തെ പ്രകടനങ്ങൾ പഞ്ചാബ് കിംഗ്‌സിന് മുന്‍തൂക്കം നല്‍കുന്നു.പരസ്പരമുള്ള പോരില്‍ ഇരു ടീമുകളും 16 ജയം വീതം നേടി തുല്യത പാലിക്കുന്നുണ്ടെങ്കിലും, അവസാന ഏഴ് മത്സരങ്ങളിൽ ആറിലും വിജയം പഞ്ചാബിനൊപ്പമായിരുന്നു.ചേപ്പോക്കിലെ ചെന്നൈയുടെ ‘കോട്ട’യിൽ തുടർച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് പഞ്ചാബ് ഇറങ്ങുന്നത്.2023, 2024, 2025 സീസണുകളിൽ ചെന്നൈയിൽ വെച്ച് ചെന്നൈയെ തോൽപ്പിച്ച ഏക ടീമെന്ന റെക്കോർഡും പഞ്ചാബിനുണ്ട്. എന്നിരുന്നാലും, ലോകകപ്പിലെ പ്രകടനം തുടർന്നാൽ സഞ്ജു ചെന്നൈയിലും ചേട്ടനാവും.




