കാസർകോട്: മണിക്കോത്ത് പാലക്കിയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പാലക്കിയിൽ സ്വദേശികളായ, ഹൈദറിന്റെ മകൻ അൻവർ (11),അസീസിന്റെ മകൻ അഫാസ് (9)എന്നിവരാണ് മരിച്ചത്. കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന ഹാഷിഖ് എന്ന കുട്ടിയെ ഗുരുതരനിലയിൽ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെ പാലക്കിയിൽ പഴയ പള്ളിക്കുളത്തിൽ കുളിക്കുമ്പോഴാണ് കുട്ടികൾ അപകടത്തിൽ പെട്ടത്. ഫയർഫോഴ്‌സ് എത്തി മൂന്ന് കുട്ടികളെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പളളിക്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. കുളിക്കുന്നതിനിടെ ഒരു കുട്ടിയുടെ ചെരിപ്പ് കുളത്തിന്റെ മധ്യഭാഗത്തേക്ക് ഒഴുകിപ്പോയി. ഇതെടുക്കാനുളള ശ്രമത്തിനിടെ കുട്ടികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും തിരച്ചില്‍ നടത്തി കുട്ടികളെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ കുളത്തില്‍ വെളളം ഉയര്‍ന്നിരുന്നു. ഇതറിയാതെയാണ് കുട്ടികള്‍ കുളത്തില്‍ കുളിക്കാനിറങ്ങിയത്.
സാധാരണനിലയില്‍ ആറടി താഴ്ച്ചയില്‍ വെളളമുണ്ടായിരുന്ന കുളത്തില്‍ മഴ പെയ്തതോടെ വെളളം 11 അടിയായി ഉയര്‍ന്നു. ഇതാണ് അപകടത്തിന് പ്രധാന കാരണമായതെന്നാണ് കരുതുന്നത്. അപകടവിവരമറിഞ്ഞ് നൂറുകണക്കിനുപേരാണ് പ്രദേശത്തേക്ക് എത്തിയത്. കൂടുതല്‍ കുട്ടികള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ അഗ്നിരക്ഷാസേന ഏറെനേരം കുളത്തില്‍ തിരച്ചില്‍ നടത്തി. മറ്റാരും അപകടത്തിൽ പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തിയാണ് തിരച്ചില്‍ അവസാനിപ്പിച്ചത്.
മാണിക്കോത്ത് കെഎച്ച്എം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട അഫാസ്. മാതാവ് ആയിഷ. സഹോദരങ്ങള്‍ അര്‍ഫാത്ത്, അഫ്‌ന. ചിത്താരി ഹിമായത്തുള്‍ എഎല്‍പി സ്‌കൂള്‍ നാലാംക്ലാസ് വിദ്യാര്‍ത്ഥിയാണ് അന്‍വര്‍. മാതാവ് ആബിദ. അജ്‌വദ്, ഹാഷിഖ് എന്നിവരാണ് സഹോദരങ്ങള്‍.



