ആലപ്പുഴ: രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും റാലികളിലും മറ്റ് ബന്ധപ്പെട്ട പ്രവർത്തനങ്ങളിലുമൊന്നിലും കുട്ടികളെ ഉപയോഗിക്കാൻ പാടില്ലെന്ന് ആലപ്പുഴ കളക്ടർ വ്യക്തമാക്കി.
പ്രചാരണത്തിനിടെ കുട്ടികളെ കൈയിലെടുക്കുകയോ വാഹനങ്ങളിൽ കയറ്റുകയോ റാലികളിൽ പങ്കെടുപ്പിക്കുകയോ ചെയ്യുന്നത് അനുവദനീയമല്ല. ബാലവേല നിരോധന നിയമം ഉൾപ്പെടെയുള്ള നിലവിലുള്ള നിയമങ്ങൾ പ്രകാരം ഇത്തരം പ്രവൃത്തികൾ നിരോധിച്ചിരിക്കുന്നു.
റാലികൾ, മുദ്രാവാക്യം വിളികൾ, പോസ്റ്റർ-ലഘുലേഖ വിതരണം, തിരഞ്ഞെടുപ്പ് യോഗങ്ങൾ തുടങ്ങിയവയിൽ കുട്ടികളുടെ പങ്കാളിത്തം അനുവദനീയമല്ല. തിരഞ്ഞെടുപ്പ് കവിതകൾ, പാട്ടുകൾ, പ്രസംഗങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെയോ സ്ഥാനാർഥികളുടെയോ ചിഹ്നങ്ങളുടെ പ്രദർശനം എന്നിവയിലും കുട്ടികളെ ഉൾപ്പെടുത്താൻ പാടില്ലെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.






