തിരുവനന്തപുരം: കുട്ടികൾ തമ്മിലുണ്ടായ ചെറിയ തർക്കം മുതിർന്നവരുടെ കയ്യാങ്കളിയിൽ കലാശിച്ച സംഭവത്തിൽ വർക്കലയിൽ യുവതിക്കും മകനും മർദ്ദനമേറ്റതായി പരാതി. വർക്കല സ്വദേശിനിയായ ഷൈഫയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ റജീനയ്ക്കും ഭർത്താവിനുമെതിരെ പോലീസ് കേസെടുത്തു.
ഷൈഫയുടെ പരാതിപ്രകാരം, കുട്ടികൾ തമ്മിലുണ്ടായ വഴക്ക് പരിഹരിക്കാൻ സംസാരിക്കുന്നതിനിടെയാണ് അയൽവാസികൾ ആക്രമണം നടത്തിയത്. വാക്കേറ്റം രൂക്ഷമായതോടെ റജീനയുടെ ഭർത്താവ് ഷൈഫയുടെ മകനെ ചുടുകട്ട കൊണ്ട് എറിഞ്ഞുവീഴ്ത്തിയതായും പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ഷൈഫ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




