ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിങ് ചൈനീസ് സൈന്യം തടഞ്ഞതായി റിപ്പോർട്ട്. അപ്പർ സുബൻസിരി ജില്ലയിലെ തക്സിങ് മേഖലയിലാണ് സംഭവം നടന്നതെന്നാണ് വിവരം.
ജൂലൈ അവസാനവാരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെയും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെയും (പിഎൽഎ) പട്രോളിങ് സംഘങ്ങൾ തർക്കപ്രദേശത്ത് നേർക്കുനേർ എത്തിയതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.
അരുണാചലിലെ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിന്റെ (PPA) ഫാക്ട് ഫൈൻഡിങ് കമ്മിറ്റി നടത്തിയ പരിശോധനകൾക്ക് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്. ഇന്ത്യൻ സൈന്യം നേരത്തെ പട്രോളിങ് നടത്തിയിരുന്ന ചില മേഖലകളിൽ ഇപ്പോൾ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
തക്സിങ് മേഖലയിലെ ചില പ്രദേശങ്ങൾ ചൈനയുടെ നിയന്ത്രണത്തിലാണെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. നേരത്തെ ഇന്ത്യയിൽ നിന്നുള്ള ആളുകൾ ഈ പ്രദേശങ്ങളിൽ ആടുകളെ മേയ്ക്കാൻ പോകാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ചൈനീസ് സൈനികരുടെ സാന്നിധ്യം കാരണം അവിടേക്ക് പോകാൻ കഴിയാത്ത സാഹചര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ മാസം 25ന് ഇന്ത്യൻ സൈന്യവും ചൈനീസ് പിഎൽഎയും നേർക്കുനേർ എത്തിയതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇരുസേനകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് ഇന്ത്യൻ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.



