ബീജിങ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങിൽ നിന്ന് 200 വാണിജ്യ വിമാനങ്ങൾ വാങ്ങാൻ ചൈന സമ്മതിച്ചതായി റിപ്പോർട്ട്.
കരാറിനെക്കുറിച്ചുള്ള വിവരങ്ങൾ ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിനിടെയാണ് ട്രംപ് കരാറിനെക്കുറിച്ച് പ്രതികരിച്ചത്. ഇത് ആദ്യം ഒരു പ്രസ്താവനയായിരുന്നെങ്കിലും ഇപ്പോൾ ഉറച്ച പ്രതിബദ്ധതയായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അമേരിക്കൻ നിർമിത വാണിജ്യ വിമാനങ്ങൾക്കായി ചൈന നൽകുന്ന ഏറ്റവും വലിയ ഓർഡറുകളിൽ ഒന്നായിരിക്കും ഇതെന്ന് വിലയിരുത്തപ്പെടുന്നു. ട്രംപിന്റെ ചൈന സന്ദർശനത്തിനിടെ ബോയിങ് സിഇഒ കെല്ലി ഓർട്ട്ബെർഗും അമേരിക്കൻ പ്രതിനിധി സംഘത്തോടൊപ്പം ബീജിങിൽ എത്തിയിരുന്നു.
1916ൽ സിയാറ്റിലിൽ സ്ഥാപിതമായ ബോയിങ്, അമേരിക്കയിലെ പ്രധാന വ്യോമയാന കമ്പനികളിലൊന്നായി വളർന്നു. വിവിധ അമേരിക്കൻ ഭരണകൂടങ്ങൾ വിദേശ വിപണികളിൽ ബോയിങ് വിമാനങ്ങളുടെ വിൽപ്പനയ്ക്ക് വലിയ പിന്തുണ നൽകിയിട്ടുമുണ്ട്.
അതേസമയം, കരാർ പ്രഖ്യാപനം വലിയ നേട്ടമായി അവതരിപ്പിച്ചെങ്കിലും വാർത്തയ്ക്ക് പിന്നാലെ ബോയിങിന്റെ ഓഹരി വില നാല് മുതൽ അഞ്ച് ശതമാനം വരെ ഇടിഞ്ഞു. 500 വരെ ബോയിങ് 737 മാക്സ് വിമാനങ്ങൾ വാങ്ങാൻ ചൈന ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു. അതിനാൽ 200 വിമാനങ്ങളുടെ പ്രഖ്യാപനം വിപണി പ്രതീക്ഷിച്ചതിലും കുറവായാണ് വിലയിരുത്തപ്പെടുന്നത്.






