തൃശ്ശൂർ: ക്രിസ്‌തുജയന്തി മഹാ ജൂബിലിയുടെ ഭാഗമായി ചാലക്കുടിയിൽ നടത്തിയ കാരൾ ഘോഷയാത്ര ടൗണിനു നിറച്ചാർത്തായി. വിശ്വാസത്തിൻ്റെ നിറവുമായി ആയിരങ്ങൾ ഘോഷയാത്രയിൽ പങ്കാളികളായി. സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പാത്താടൻ, കുറ്റിക്കാട് ഫൊറോന വികാരി ഫാ.ലിജോ പോൾ പറമ്പേത്ത്, കൊടകര ഫൊറോന വികാരി ഫാ.ജെയ്‌സൺ കരിപ്പായി എന്നിവർ പേപ്പൽ പതാക കൈമാറി. വടക്കേ ബസ് സ്‌റ്റാൻഡിനു സമീപം ആരംഭിച്ച ഘോഷയാത്ര ബെന്നി ബഹനാൻ എംപി ഫ്ലാഗ് ഓഫ് ചെയ്തു.
സനീഷ്‌കുമാർ ജോസഫ് എംഎൽഎ, നഗരസഭാധ്യക്ഷ ആലീസ് ഷിബു എന്നിവർ വിശിഷ്‌ടാതിഥികളായി. നഗരസഭാ ഉപാധ്യക്ഷൻ കെ.വി. പോൾ, നഗരസഭാ കൗൺസിലർമാരായ സൂസി സുനിൽ, റെയ്‌സൺ ആലുക്ക, അൽഫോൻസ ചാക്കോ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ജോയ് മുത്തേടൻ എന്നിവർ പ്രസംഗിച്ചു.
നിശ്ചലദൃശ്യങ്ങൾ, മാതാവിൻ്റെ വേഷധാരികൾ, പപ്പാനികൾ, ക്രിസ്‌തുവിനെ കാണാനെത്തിയ രാജാക്കന്മാർ, ആട്ടിടയന്മാർ, മാർഗംകളി, ചട്ടയും മുണ്ടും അടക്കമുള്ള പരമ്പരാഗത വസ്ത്രം ധരിച്ചെത്തിയവർ തുടങ്ങിയവർ ഘോഷയാത്രയ്ക്കു പകിട്ടു പകർന്നു.
ചാലക്കുടി, കുറ്റിക്കാട്, കൊടകര എന്നീ ഫൊറോനകളിലെ 50 പള്ളികളിൽ നിന്നുള്ളവരാണു പങ്കാളികളായത്. സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സമാപിച്ചു. ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, ചാലക്കുടി ഡിവൈഎസ് പി. കെ. വി. രാജു തുടങ്ങിയവർ സംസാരിച്ചു. തുടർന്നു നൃത്തകലാരൂപം അവതരിപ്പിച്ചു.




