ഇന്നത്തെ കാലത്ത് ഇരുപതും മുപ്പതും പ്രായമുള്ള യുവ പ്രൊഫഷണലുകളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി നടുവേദന നിശബ്ദമായി മാറിക്കഴിഞ്ഞിരിക്കുന്നു. ജോലിസ്ഥലത്തെ നീണ്ട ഒരു ദിവസത്തിന് ശേഷമുള്ള നേരിയ അസ്വസ്ഥതയായോ അല്ലെങ്കിൽ രാവിലെ ഉണരുമ്പോൾ അനുഭവപ്പെടുന്ന ശരീരത്തിന്റെ മരവിപ്പോ ആയാണ് ഇത് പലപ്പോഴും ആരംഭിക്കുന്നത്. എന്നാൽ, ഇത് വെറും പേശിവലിവും ക്ഷീണവും ആണെന്നാണ് ഭൂരിഭാഗം പേരും വിചാരിക്കുന്നത്. മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, കിടക്കയുടെ പ്രശ്നം അല്ലെങ്കിൽ office കസേരകളിൽ അധികനേരം ഇരിക്കുന്നത് എന്നിവയൊക്കെ കാരണമാണ് വേദന വരുന്നതെന്നാണ് ചിലർ കരുതുന്നത്. പെട്ടെന്ന് വേദന മാറാൻ പെയിൻ കില്ലറുകളെയോ, ചെറിയ സ്ട്രെച്ചിംഗുകളെയോ ചിലർ ആശ്രയിക്കുന്നു. ഒരുകാലത്ത് പ്രായമായവരിൽ മാത്രം കണ്ടിരുന്ന വിട്ടുമാറാത്ത നടുവേദന, കഴുത്ത് വേദന, നട്ടെല്ല് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുമായി ഡോക്ടർമാരുടെ അടുത്തെത്തുന്ന എത്തുന്ന ചെറുപ്പക്കാരുടെ എണ്ണം ഇന്ന് വർധിച്ചുവരികയാണ്. പല യുവാക്കളും നടുവേദന അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കാൻ തുടങ്ങുന്നത് വരെ ഇത്തരം പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കുകയാണ് ചെയ്യുന്നതെന്ന് ഫോർട്ടിസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് റുമറ്റോളജിസ്റ്റായ ഡോ. സ്നേഹൽ മോഹൻ പാട്ടീൽ വ്യക്തമാക്കുന്നു.
മനുഷ്യർ ദിവസവും ഇരിക്കാനായി ചെലവഴിക്കുന്ന സമയത്തിന്റെ അളവാണ് ഇതിന് ഏറ്റവും വലിയ കാരണങ്ങളിലൊന്ന്. വർക്ക് ഫ്രം ഹോം സംസ്കാരം, ഡെസ്ക് ജോലികൾ, ദിവസവും ദീർഘനേരം ഇരുന്നുള്ള യാത്ര, അമിതമായ സ്ക്രീൻ ഉപയോഗം എന്നിവ ദൈനംദിന ശാരീരിക ചലനങ്ങളെ ഗണ്യമായി കുറച്ചിരിക്കുന്നു. മോശം ശാരീരിക നിലയിൽ മണിക്കൂറുകളോളം ഇരിക്കുന്നത് നട്ടെല്ല്, കഴുത്ത്, താഴത്തെ നടുവിലെ പേശികൾ എന്നിവയ്ക്ക് മേൽ നിരന്തരമായ സമ്മർദ്ദം ചെലുത്തുന്നു. ആളുകൾ പലപ്പോഴും ലാപ്ടോപ്പുകളിലേക്ക് കൂനിക്കൂടിയിരിക്കുകയോ, ഫോണുകളിലേക്ക് നോക്കാൻ തല കുനിക്കുകയോ, അല്ലെങ്കിൽ കൃത്യമായ സപ്പോർട്ട് ഇല്ലാതെ കട്ടിലുകളിലും സോഫകളിലും ഇരുന്ന് ജോലി ചെയ്യുകയോ ചെയ്യുന്നു. കാലക്രമേണ, ഇത് പേശികളുടെ ആയാസത്തിനും, കടുപ്പത്തിനും, നട്ടെല്ലിന്റെ സ്വാഭാവിക ഘടന നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. മനുഷ്യശരീരം രൂപകൽപ്പന ചെയ്തിരിക്കുന്നത് പതിവായി ചലിക്കുന്നതിനാണ്. ചലനം കുറയുമ്പോൾ നട്ടെല്ലിനെ താങ്ങിനിർത്തുന്ന പേശികൾ ദുർബലമാവുകയും, ഇത് നടുവേദനയ്ക്കും പരിക്കുകൾക്കും ഇരയാക്കുകയും ചെയ്യുന്നു.
വ്യായാമങ്ങൾ ഒന്നും ചെയ്യാത്തവരെപ്പോലെ തന്നെ അമിതമായ വ്യായാമം ചെയ്യുന്നതും വിട്ടുമാറാത്ത നടുവേദനക്ക് കാരണമാകാറുണ്ട്. പല ചെറുപ്പക്കാരും കൃത്യമായ പരിശീലനമോ മേൽനോട്ടമോ ഇല്ലാതെ ഹൈ-ഇന്റൻസിറ്റി ജിം ദിനചര്യകളിലേക്കും, വെയ്റ്റ്‌ലിഫ്റ്റിംഗിലേക്കും തിരിയുന്നുണ്ട്. തെറ്റായ ശാരീരിക നില, പെട്ടെന്ന് അമിത ഭാരം ഉയർത്തൽ, വാം-അപ്പുകൾ ഒഴിവാക്കൽ എന്നിവ നട്ടെല്ലിന് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കും. ശരീരം ഫിറ്റാകാൻ വേണ്ടി ചെയ്യുന്ന കാര്യങ്ങൾ ചിലപ്പോൾ വിപരീത ഫലമാണ് ഉണ്ടാക്കുന്നതെന്ന് ഡോ. പാട്ടീൽ വിശദീകരിക്കുന്നു. ഇത്തരം വ്യായാമങ്ങൾ പേശികൾക്ക് പരിക്കേൽക്കുന്നതിനും ഡിസ്ക് പ്രൊലാപ്സിനും വീക്കത്തിനും നട്ടെല്ലിന് നേരത്തെയുള്ള തേയ്മാനത്തിനും കാരണമാകും.
ചിലർക്ക് നടുവേദന കുറച്ചധികം നേരം വിശ്രമിച്ചാൽ മാറും. എന്നാൽ ചില ആളുകൾക്ക് വിശ്രമിച്ചാലും മാറാത്ത വ്യത്യസ്തമായ വേദന അനുഭവപ്പെടാം. ഈ ലക്ഷണങ്ങൾ നട്ടെല്ലിനെയും സന്ധികളെയും ബാധിക്കുന്ന വിട്ടുമാറാത്ത ‘ആങ്കിലൊസിംഗ് സ്പോണ്ടിലൈറ്റിസാകാമെന്ന്’ ഡോക്ടർമാർ പറയുന്നു. നടുവേദനയല്ലേ എന്ന് കരുതി യുവാക്കൾ ഇത് അവഗണിക്കുന്നത് കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കും. ഇതിനൊപ്പം മാനസിക സമ്മർദവും മോശം ഉറക്കശീലങ്ങളും നടുവേദന വഷളാക്കും. സമ്മർദം കാരണം പേശികൾ കടുപ്പമുള്ളതാകുന്നു, പ്രത്യേകിച്ച് കഴുത്ത്, തോളുകൾ, താഴത്തെ നടുവ് എന്നിവയ്ക്ക് ചുറ്റുമുള്ളവ. അതേസമയം, ഗുണമേന്മയുള്ള ഉറക്കത്തിന്റെ കുറവ് ശരീരത്തിന് ശരിയായി സുഖം പ്രാപിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്നു. പല യുവ പ്രൊഫഷണലുകളും രാത്രി വൈകിയും സ്ക്രീനുകൾ ഉപയോഗിക്കുകയും ശരീരത്തിന് ആവശ്യത്തിന് വിശ്രമം നൽകാതിരിക്കുകയും ചെയ്യുന്നു, ഇത് ശരീരത്തിന്റെ കടുപ്പവും ക്ഷീണവും വീണ്ടും വർധിപ്പിക്കുന്നു.
“പ്രായം കുറവാണ്” എന്ന് കരുതി നടുവേദന അവഗണിക്കുന്നത് അപകടകരമാണ്. ചികിത്സിക്കാതിരുന്നാൽ ഇത് ചലനശേഷി, ജോലിയിലെ ഉൽപ്പാദനക്ഷമത, മാനസികാരോഗ്യം, ജീവിത നിലവാരം എന്നിവയെ ബാധിക്കും. വേദന ആഴ്ചകളോളം നീണ്ടുനിൽക്കുക, ദൈനംദിന ജോലികൾ പോലും ചെയ്യാൻ കഴിയാതിരിക്കുക, ശരീരത്തിൽ തരിപ്പോ തളർച്ചയോ അനുഭവപ്പെടുക, വിശ്രമിക്കുമ്പോൾ വേദന കൂടുകയോ, രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരത്തിന് മരവിപ്പ് അനുഭവപ്പെടുകയോ ചെയ്യുക തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഒട്ടും മടിക്കാതെ ഡോക്ടറെ കാണണം.
നടുവിനെ സംരക്ഷിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർ ഓരോ 30–40 മിനിറ്റിലും എഴുന്നേറ്റ് അൽപ്പസമയം നടക്കണം. എപ്പോഴും നിവർന്നിരിക്കാനും കൃത്യമായ എർഗണോമിക് കസേരകളും ഡെസ്കുകളും ഉപയോഗിക്കാനും ശ്രദ്ധിക്കണം. ജോലി സമയങ്ങളിൽ ഇടയ്ക്കിടെ ശരീരം സ്ട്രെച്ച് ചെയ്യുക, തെറ്റായ രീതിയിൽ ഭാരം ഉയർത്താതിരിക്കുക, നടുവിലെ പേശികൾ ഘട്ടം ഘട്ടമായി ശക്തിപ്പെടുത്തുക എന്നിവ പ്രധാനമാണ്. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നതിനൊപ്പം കൃത്യമായ ഉറക്കത്തിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും മുൻഗണന നൽകണം. നിങ്ങളുടെ 20-കളിലോ 30-കളിലോ ഉണ്ടാകുന്ന നടുവേദനയെ നിസാരമായി കണക്കാക്കരുത്. വല്ലപ്പോഴുമുണ്ടാകുന്ന വേദനകൾ സ്വാഭാവികമാണെങ്കിലും, വിട്ടുമാറാത്ത വേദന ശരീരത്തിന് ശ്രദ്ധ ആവശ്യമാണെന്ന് കാണിക്കുന്ന ലക്ഷണമാണ്. പ്രാരംഭ പരിചരണം, ശരിയായ ചലനങ്ങൾ, കൃത്യമായ ബോധവൽക്കരണം എന്നിവയിലൂടെ നടുവേദന വലിയൊരു ആരോഗ്യപ്രശ്നമായി മാറുന്നത് നമുക്ക് തടയാനാകും.





