കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്‌സിന്റെ എയർ കാർഗോ സർവീസുകൾ നിർത്തിവെച്ചെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ കമ്പനി നിഷേധിച്ചു. കാർഗോ പ്രവർത്തനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർന്നെന്ന റിപ്പോർട്ടുകളും അടിസ്ഥാനരഹിതമാണെന്ന് ദേശീയ വിമാനക്കമ്പനി വ്യക്തമാക്കി.
അംഗീകൃത പ്രവർത്തന നടപടിക്രമങ്ങൾ പാലിച്ചും ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ചുമാണ് എയർ കാർഗോ സർവീസുകൾ സാധാരണ നിലയിൽ തുടരുന്നതെന്ന് കുവൈത്ത് എയർവേയ്‌സ് അറിയിച്ചു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിച്ചാണ് കാർഗോ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും കമ്പനി വ്യക്തമാക്കി.
തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്ന് യാത്രക്കാരോടും പൊതുജനങ്ങളോടും കുവൈത്ത് എയർവേയ്‌സ് അഭ്യർത്ഥിച്ചു.


