കൊച്ചി: കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ യാക്കോബായ–ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു. കുരുമുളക് സ്പ്രേ പ്രയോഗമാണ് പരിക്കിന് കാരണമെന്നാണ് യാക്കോബായ വിഭാഗം ആരോപിക്കുന്നത്.
സംഭവത്തിൽ യാക്കോബായ വിഭാഗത്തിലെ നാല് പേരും ഓർത്തഡോക്സ് സഭയിലെ വൈദികനായ ഫാ. എബിൻ ഏബ്രഹാം ഉൾപ്പെടെ രണ്ട് പേരും ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച വൈകുന്നേരം ഏകദേശം 5.30ഓടെയായിരുന്നു സംഘർഷം ഉണ്ടായത്.
ഗീവർഗീസ് സഹദായുടെ പെരുന്നാൾ ചടങ്ങിനിടെ ഓർത്തഡോക്സ് വികാരി ഫാ. പോൾ മത്തായിക്കൊപ്പം ഫാ. എബിൻ ഏബ്രഹാം എത്തിയതോടെയാണ് തർക്കം ആരംഭിച്ചതെന്ന് റിപ്പോർട്ടുണ്ട്. ചടങ്ങുകൾ നടത്താനുള്ള അവകാശം വികാരിക്ക് മാത്രമാണെന്ന് ചൂണ്ടിക്കാട്ടി യാക്കോബായ വിഭാഗം ഫാ. എബിനെ തടഞ്ഞു. എന്നാൽ നിശ്ചിത സമയക്രമത്തിൽ ഒന്നിലധികം വൈദികർ പങ്കെടുക്കുന്നത് പതിവാണെന്ന് ഓർത്തഡോക്സ് വിഭാഗം പ്രതികരിച്ചു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കം സംഘർഷത്തിലേക്ക് മാറി.
സംഭവസമയത്ത് സ്ഥലത്ത് പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. സംഘർഷത്തിനിടെ കുരുമുളക് സ്പ്രേ പ്രയോഗിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് പൊലീസ് ഇടപെട്ട് ചടങ്ങുകൾ പൂർത്തിയാക്കി. പള്ളിയിൽ ഇരു വിഭാഗങ്ങൾക്കും 15 ദിവസം വീതം ശുശ്രൂഷകൾ നടത്താനുള്ള ക്രമീകരണമാണ് നിലവിലുള്ളത്.




