ഇംഫാൽ: ഇടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം. ബോംബാക്രമണത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ഇംഫാൽ വീണ്ടും സംഘർഷഭൂമിയായി മാറിയിരിക്കുകയാണ്.
സംസ്ഥാനത്ത് വംശീയ സംഘർഷം നിയന്ത്രിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്നാരോപിച്ച് ജനരോഷം ഉയരുന്നു. സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മെതേയ് സംഘടനയായ ‘കോക്കോമി’യുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ്ങിന്റെ വസതിയിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് ചിതറിച്ചു.
കുഞ്ഞുങ്ങളുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഇതുവരെ അത്തരമൊരു അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്നതും പ്രതിഷേധം ശക്തമാക്കുന്ന ഘടകമായി മാറിയിട്ടുണ്ട്.
ഇതിന് മുമ്പ് വെള്ളിയാഴ്ച കുക്കി-നാഗ വിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടതോടെയാണ് അക്രമം വീണ്ടും രൂക്ഷമായത്. തുടർന്ന് വിവിധ പ്രദേശങ്ങളിൽ വീടുകൾ കത്തിക്കരിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ഇംഫാൽ, ബിഷ്ണുപൂർ, തൗബാൽ ജില്ലകളിൽ ഇന്റർനെറ്റ് നിയന്ത്രണം തുടരുകയാണ്. അതേസമയം, സംസ്ഥാനത്തെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് ആശങ്ക ഉയരുകയാണ്.




