തൃശ്ശൂർ: ശബരിമല സ്വർണ്ണക്കൊള്ള വിഷയവുമായി ബന്ധപ്പെട്ട് അയ്യന്തോൾ യുവമോർച്ച പ്രവർത്തകർ ഇന്നലെ തൃശൂർ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. മാർച്ച് നിയന്ത്രണം വിട്ടതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
രാവിലെ ആരംഭിച്ച മാർച്ച് കളക്ടറേറ്റിന് സമീപം എത്തിയപ്പോൾ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. പോലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സം അനുഭവപ്പെട്ടു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അധിക പോലീസ് സേനയെ വിന്യസിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് ചില പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതായും അറിയിച്ചു.






