ശ്രീനഗര്‍:ജമ്മു കശ്മീരിലെ റാംബന്‍ ജില്ലയിലെ സേറി ബഗ്നയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ഒരാളെ കാണ്മാനില്ല. വിവിധ ഇടങ്ങളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലുമുണ്ടായി. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ദേശീയ പാതയില്‍ ഉള്‍പ്പെടെ ഗതാഗത തടസ്സമുണ്ട്. അഞ്ഞൂറോളം ആളുകളെ ഇതിനോടകം സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു.
പേമാരിയും കാറ്റും ആലിപ്പഴ വര്‍ഷവും റാംബനിലുണ്ടായി. ചെനാബ് നദി കരകവിഞ്ഞൊഴുകി. ഞായറാഴ്ച പുലര്‍ച്ചെ 1.10 ഓടെ ആരംഭിച്ച കനത്ത മഴ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ ഇതിനകം തന്നെ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കു രക്ഷപ്പെടുത്തുന്നതിനായി റവന്യൂ, പൊലീസ് ടീമുകള്‍ സജ്ജമാണ്. ഈ പ്രദേശത്തേക്കുള്ള യാത്രകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്.



