കൊച്ചി: അന്താരാഷ്ട്ര നിലവാരത്തിൽ കാൻസർ ചികിത്സയും ഗവേഷണവും ലക്ഷ്യമിട്ട് നിർമിച്ച കൊച്ചിൻ കാൻസർ റിസർച് സെന്റർ കളമശ്ശേരിയിൽ പ്രവർത്തന സജ്ജമായി. ഫെബ്രുവരി 9ന് വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിനോട് ചേർന്നാണ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സമാന കേന്ദ്രങ്ങളിൽ വിസ്തൃതിയിലും സൗകര്യങ്ങളിലും ഏറ്റവും വലിയ ഒറ്റക്കെട്ടിടമെന്ന പ്രത്യേകത ഈ സെൻ്ററിനുണ്ട്. 12 ഏക്കർ വിസ്തൃതിയിലുള്ള സ്ഥലത്ത് നാല് ബ്ലോക്കുകളായി 6.40 ലക്ഷം ചതുരശ്ര അടി പ്രദേശത്താണ് സമുച്ചയം നിർമിച്ചിരിക്കുന്നത്.
നിലവിലുണ്ടായിരുന്ന 81 തസ്തികളോടൊപ്പം 159 പുതിയ തസ്തികൾ കൂടി സർക്കാർ സൃഷ്ടിച്ചിട്ടുണ്ട്. ഇതിൽ 36 ഡോക്ടർമാരും 50 സ്റ്റാഫ് അംഗങ്ങളും ഉൾപ്പെടുന്നു. 2018 മേയ് 20ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. 2016 നവംബർ 11 മുതൽ താത്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഒ.പി വിഭാഗം പുതിയ സമുച്ചയം തുറക്കുന്നതോടെ പൂർണമായി ഇവിടേക്ക് മാറ്റും. പഴയ കെട്ടിടം ഒഴിപ്പിക്കും. എല്ലാ യന്ത്രസാമഗ്രികളും പുതിയ കേന്ദ്രത്തിലേക്ക് മാറ്റും.






