പാലക്കാട്: രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ധീര രക്തസാക്ഷികൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഡിസംബർ 7-ന് ആചരിക്കുന്ന സായുധസേന പതാകദിനത്തിനോടനുബന്ധിച്ച് പാലക്കാട്ട് പതാകദിന ഫണ്ട് സമാഹരണ പരിപാടി നടത്തി. കാർ ഫ്ലാഗുകളും ടോക്കൺ ഫ്ലാഗുകളും വിൽപ്പന നടത്തിയാണ് ഈ വർഷവും ഫണ്ട് സമാഹരിക്കുന്നത്.
വിമുക്തഭടന്മാർക്കും സൈനികരുടെ വിധവകൾക്കും മക്കൾക്കും സാമ്പത്തിക സഹായം നൽകുന്നതിനാണ് പതാകദിന ഫണ്ട് വിനിയോഗിക്കുന്നത്. ജില്ലകൾ തമ്മിൽ ഫണ്ട് സമാഹരണത്തിൽ പ്രോത്സാഹനം വർധിപ്പിക്കുന്നതിനായിപതാകദിന ഫണ്ട് കമ്മിറ്റി റോളിംഗ് ട്രോഫികളും ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ തുക സമാഹരിക്കുന്ന ജില്ലയ്ക്കും വിദ്യാഭ്യാസ സ്ഥാപനത്തിനും എൻ.സി.സി ബറ്റാലിയനും റോളിംഗ് ട്രോഫി നൽകും.
ജില്ലാ കളക്ടറുടെ ചേമ്പറിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ സൈനിക വെൽഫെയർ ഓഫീസർ കെ.എച്ച് മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. സുബേദാർ സതീഷ് താപയും വിവിധ കോളേജുകളിൽ നിന്ന് എത്തിയ എൻ.സി.സി കേഡറ്റുകളും പരിപാടിയിൽ പങ്കെടുത്തു. പതാകദിന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ഫണ്ട് ശേഖരണ പ്രവർത്തനങ്ങൾ തുടർന്നും നടക്കുo.






