പാലക്കാട്: പാലക്കാട് ജില്ലയിലെ മുതലമടയിൽ ട്വന്റി-20 പാർട്ടിയിൽ നിന്ന് കൂട്ടരാജി. എൻഡിഎയുടെ ഘടകകക്ഷിയായ ട്വന്റി-20യുടെ തീരുമാനത്തിനെതിരെയാണ് പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ടത്. മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്റി-20യിൽ ലയിച്ചിരുന്നുവെങ്കിലും, എൻഡിഎയിൽ ചേർന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് നേതാക്കൾ അറിയിച്ചു.
ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവർത്തിച്ച മുഴുവൻ അംഗങ്ങളും ട്വന്റി-20യിൽ നിന്ന് രാജിവെച്ചതായി അറിയിച്ചു. പാർട്ടിയിൽ നിന്ന് പുറത്തു വന്നവർ ജനകീയ വികസന മുന്നണിയായി തന്നെ തുടർന്നും പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സാബു എം. ജേക്കബ് പാർട്ടി പ്രവർത്തകരുമായി ആലോചന നടത്താതെയാണ് ട്വന്റി-20യെ എൻഡിഎയുടെ ഘടകകക്ഷിയാക്കാൻ തീരുമാനിച്ചതെന്നതാണ് പ്രധാന ആരോപണം.
മുതലമടയിൽ ചേർന്ന യോഗം ട്വന്റി-20യിലേക്കുള്ള ലയനം അസാധുവായി പ്രഖ്യാപിക്കുകയും ജനകീയ വികസന മുന്നണിയായി തുടരാനും തീരുമാനിക്കുകയും ചെയ്തു. നെല്ലിയാമ്പതി, നെന്മാറ തുടങ്ങിയ പാലക്കാട് ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെ പ്രവർത്തകരും പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ഇതുവരെ ഏകദേശം 50 ഓളം പേർ ട്വന്റി-20 പാർട്ടി വിട്ടിട്ടുണ്ട്.



