ബൊഗോട്ട: കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ മിഗ്വേല്‍ ഉറിബെയ്ക്കുനേരെ വധശ്രമം. ശനിയാഴ്ച ബൊഗോട്ടയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കേ മിഗ്വേലിന് വെടിയേല്‍ക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ മിഗ്വേലിന്റെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 39-കാരനായ മിഗ്വേല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പിറകില്‍ നിന്ന് വെടിവെക്കുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ ഐസിയുവില്‍ ചികിത്സയിലാണ്. മിഗ്വേലിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സംഭവത്തിന് പിന്നില്‍ ഒരു കൗമാരക്കാരനാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. സംഭവത്തെ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ അപലപിച്ചു. ഇത് ഒരു വ്യക്തിക്കെതിരേയുള്ള ആക്രമണം മാത്രമല്ലെന്നും ജനാധിപത്യത്തിനെതിരേയുള്ള ആക്രമണമാണെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 2026 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മിഗ്വേല്‍ പ്രഖ്യാപിച്ചത്.






