കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അച്ചടക്കം ഉറപ്പിക്കാനും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുമാണ് ഒരു അച്ചടക്ക സമിതിക്ക് ഹൈക്കമാന്‍ഡ് രൂപം നല്‍കിയത്. കോട്ടയം എംഎല്‍എയും മുതിര്‍ന്ന നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായാണ് സമിതി രൂപീകരിച്ചത്. എന്‍ അഴകേശന്‍, ഡോ. ആരിഫ എന്നിവര്‍ കൂടി അംഗങ്ങളായ സമിതി 2002 ജനുവരി നാലിന് ചുമതലയേല്‍ക്കുകയും ചെയ്തു.
സമിതി ചുമതല ഏറ്റെടുത്തതു മുതല്‍ കോണ്‍ഗ്രസിലെ എല്ലാ പരാതികളും അച്ചടക്ക സമിതി അന്വേഷിക്കും എന്ന് പ്രഖ്യാപനം പതിവായി. ഇത്തരത്തില്‍ ഏതെങ്കിലും വിഷയത്തില്‍ സമിതി അന്വേഷണം നടത്തിയതായോ നടപടി എടുത്തതായോ ഒരു വിവരവും വന്നിട്ടില്ല. ഇപ്പോള്‍ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായിരുന്ന പാലോട് രവിയുടെ ഫോണ്‍ സംഭാഷണം ചോര്‍ന്നതിലും പതിവുപോലെ അച്ചടക്ക സമിതി പരിശോധിക്കുമെന്ന് പ്രഖ്യാപനം വന്നിട്ടുണ്ട്.
നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനം ഉണ്ടാകുമെന്ന് മാധ്യമങ്ങളെ നേരത്തെ അറിയിക്കുകയും എല്ലാ വിവരങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുകയും ചെയ്തതിലും അച്ചടക്ക സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിഡി സതീശന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചത്.
ഇന്നേക്ക് വര്‍ഷം തികഞ്ഞിട്ടും എക്‌സിക്യൂട്ടിവിലെ വാര്‍ത്ത ചോര്‍ത്തിയത് ആരെന്ന് കണ്ടെത്തിയിട്ടുമില്ല. ആര്‍ക്കെതിരേയും നടപടി എടുത്തിട്ടുമില്ല. വയനാട്ടിലെ നിര്‍ണായകമായ കെപിസിസി ക്യാംപ് എക്‌സിക്യൂട്ടീവിലെ വിവരങ്ങള്‍ ചോര്‍ന്നതിലും ഇതുപോലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിലും ഒരു നടപടിയും ഉണ്ടായതായി അറിവില്ല. സ്വന്തം നിലയില്‍ പലസ്തീന്‍ അനുകൂല പരിപാടി സംഘടിപ്പിച്ച ആര്യാടന്‍ ഷൗക്കത്തിന്റെ നടപടിയിലും അന്ന് അച്ചടക്ക സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഒന്നും ഉണ്ടായില്ല. ആര്യാടന്‍ ഷൗക്കത്ത് പിന്നീട് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച് എംഎല്‍എയും ആയിട്ടുണ്ട്. വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയില്‍ മാത്രമാണ് തിരുവഞ്ചൂര്‍ സമിതി ഒരു റിപ്പോര്‍ട്ട് നല്‍കിയത്. അതാകട്ടെ ആരോപണ വിധേയരെ രക്ഷിക്കാന്‍ വേണ്ടിയുള്ളതും. നേതൃത്വം ജാഗ്രത കാട്ടിയില്ലെന്ന പരാമര്‍ശം മാത്രമാണ് ഉണ്ടായിരുന്നത്. വയനാട്ടിൽഡിസിസി പ്രസിഡന്റിനുനേരേയുള്ള കൈയേറ്റത്തിൽവരെയെത്തിനിൽക്കുന്ന കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിന് കടിഞ്ഞാണിടാൻ കെപിസിസി അധ്യക്ഷന്റെ പരസ്യതാക്കീതിനാകുമോ, അതോ കൂടുതൽ അച്ചടക്കനടപടിയുണ്ടാകുമോയെന്നതാണ് നേതാക്കളും പ്രവർത്തകരും ഉറ്റുനോക്കുന്നത്.
കഴിഞ്ഞദിവസങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങൾ പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെങ്കിലും തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ നടപടിസ്വീകരിച്ചാൽ അത് വിഭാഗീയത കൂടുതൽ രൂക്ഷമാക്കും. ഈ സാഹചര്യത്തിലാണ് കടുത്ത അച്ചടക്കനടപടികളിലേക്ക് കടക്കാതെ പരസ്യതാക്കീതിൽ മാത്രമൊതുക്കിയതെന്നാണ് ഒരുവിഭാഗം പറയുന്നത്.
കെപിസിസി അധ്യക്ഷൻ ജില്ലയിലെത്തുമ്പോൾ, കഴിഞ്ഞദിവസങ്ങളിലുണ്ടായ പ്രശ്നങ്ങളിൽ കർശന അച്ചടക്കനടപടിയുണ്ടാകുമെന്നായിരുന്നു നേതാക്കൾ പ്രതീക്ഷിച്ചിരുന്നത്. ഡിസിസി അധ്യക്ഷസ്ഥാനത്തിനുവേണ്ടി ജില്ലയിലെ ചില മുതിർന്നനേതാക്കൾക്കിടയിലുള്ള വടംവലിയാണ് കഴിഞ്ഞദിവസങ്ങളിൽ കോൺഗ്രസിനുള്ളിലെ പൊട്ടിത്തെറികൾക്ക് കാരണമായതെന്നാണ് പ്രവർത്തകർക്കിടയിലെ സംസാരം.
മറ്റ് ജില്ലകളിലും സമാനമായ സാഹചര്യം ആണ് ഉള്ളത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗമെന്ന നിലയില്‍ തരൂര്‍ എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. തരൂര്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോകരുത്. പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാര്‍ട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്. തരൂരിന് ഇക്കാര്യങ്ങളെല്ലാം ബോദ്ധ്യപ്പെടണം.
കോണ്‍ഗ്രസ് പാര്‍ട്ടി അംഗമെന്ന നിലയിലെ പ്രാഥമിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം. അന്തര്‍ദേശീയ തലങ്ങളിലടക്കം പ്രവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിയുടെ കൂടി അംഗീകാരം നേടണം. ഏതുതലം വേണമെങ്കിലും തരൂരിന് പോകാം, പക്ഷേ കോണ്‍ഗ്രസില്‍ ആയിരിക്കുമ്പോള്‍ പാര്‍ട്ടിക്ക് വിധേയനാകണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.
എന്നാൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഉപദേശങ്ങളെ തരൂർ മൈൻഡ് ചെയ്യുക പോലും ചെയ്തില്ല. സിപിഎമ്മിലും ഒരുപക്ഷേ ബിജെപിയിലും എല്ലാം പാർട്ടിക്കുള്ളിലെ വിഷയങ്ങൾ അതിവേഗത്തിൽ പരിഹരിക്കപ്പെടുന്ന കമ്മിറ്റികൾ ഉണ്ടെങ്കിലും കോൺഗ്രസിലേക്ക് വരുമ്പോൾ വിഷയങ്ങൾ പരിഹരിക്കപ്പെടുന്ന കമ്മറ്റിക്ക് ഒച്ച് ഇഴയുന്ന വേഗത മാത്രമാണുള്ളത്. കോണ്‍ഗ്രസില്‍ ഉയരുന്ന വിവാദങ്ങളെ തണുപ്പിക്കാനുള്ള പ്രഖ്യാപനത്തിന് മാത്രമുള്ളതായി മാറുകയാണ് തിരുവഞ്ചൂരിന്റെ അച്ചടക്ക സമിതി.




