തിരുവനന്തപുരം: ശബരിമലയിലെ ഒരുക്കങ്ങളുടെ പുരോഗതി എല്ലാ ആഴ്ചയും സർക്കാരിനെ അറിയിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. മന്ത്രി കെ. മുരളീധരനെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങൾ കൃത്യമായി കൈമാറുന്നതിൽ ബോർഡിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഇത് ആശയവിനിമയ പ്രശ്നം മാത്രമാണെന്നും ജയകുമാർ വ്യക്തമാക്കി.
അരവണ ക്ഷാമം സംബന്ധിച്ച് സമഗ്രമായി ചർച്ച നടത്തിയതായും മണ്ഡലകാലത്ത് ക്ഷാമമുണ്ടാകാതിരിക്കാൻ അരവണ ഉൽപ്പാദനം വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ പ്രതിദിനം 2.6 ലക്ഷം അരവണയാണ് ഉൽപ്പാദിപ്പിക്കുന്നത്. ഇത് 3.6 ലക്ഷമായി ഉയർത്തും. നട തുറക്കുമ്പോൾ 75 ലക്ഷം അരവണ കരുതൽ ശേഖരമായി ഒരുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
ശർക്കര സംഭരണത്തിനായി ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ അഞ്ചിന് മുൻപ് ശർക്കരയുടെ കരാർ പൂർത്തിയാക്കുമെന്നും ഒക്ടോബർ 15നകം മറ്റ് കരാർ നടപടികളും പൂർത്തിയാക്കുമെന്നും ജയകുമാർ വ്യക്തമാക്കി. കടകളുടെ ലേലം ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റും. നിലവിലുണ്ടായിരുന്ന അനാവശ്യ കീഴ്വഴക്കങ്ങൾ തുടരാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപുള്ള ഒന്നര മാസത്തിനുള്ളിൽ നിരവധി പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുണ്ടെന്നും ജയകുമാർ പറഞ്ഞു. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനങ്ങൾ ഉപയോഗിക്കും. പൊലീസിന്റെ നേതൃത്വത്തിലായിരിക്കും സംവിധാനം നടപ്പാക്കുക.
നിലയ്ക്കലിൽ കൺട്രോൾ റൂം സ്ഥാപിച്ച് എഐ സംവിധാനത്തിന്റെ സഹായത്തോടെ വാഹനങ്ങളുടെയും തീർഥാടകരുടെയും നീക്കം നിയന്ത്രിക്കും. പ്രധാന നിർമാണ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തിയായതായും പ്രവൃത്തികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
ഒക്ടോബർ 31നകം പ്രധാന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിർമാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ദേവസ്വം ബോർഡ് പ്രത്യേക സംഘത്തെ നിയോഗിച്ച് പരിശോധന നടത്തുമെന്നും കെ. ജയകുമാർ വ്യക്തമാക്കി.


