കൊല്ലം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മലപ്പുറം യാത്രയ്ക്കായി ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തിന്റെ ചെലവ് ചിപ്സൺ ഏവിയേഷൻ നൽകിയതായി രേഖകൾ പുറത്തുവന്നതിന് പിന്നാലെ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. വിമാനയാത്രയുടെ സ്പോൺസറുടെ പേര് വെളിപ്പെടുത്താത്ത മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണെന്ന് ചിന്ത ജെറോം പറഞ്ഞു.
സെപ്റ്റംബർ 21ന് മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താനാണ് മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തത്. യാത്രയ്ക്കായി സർക്കാർ പണം ചെലവഴിച്ചിട്ടില്ലെന്നും ഒരു പരിചയക്കാരനാണ് വിമാനം ഏർപ്പാടാക്കിയതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
എന്നാൽ പുറത്തുവന്ന ഇൻവോയിസ് രേഖകൾ പ്രകാരം യാത്രയ്ക്ക് ആകെ 19,88,595 രൂപ ചെലവായിട്ടുണ്ട്. ഇതിൽ 16,85,250 രൂപ വിമാന വാടകയും 3,03,345 രൂപ 18 ശതമാനം ജിഎസ്ടിയുമാണ്. ഈ തുക ചിപ്സൺ ഏവിയേഷൻ വിമാന ഉടമകളായ കേളചന്ദ്ര ഗ്രൂപ്പിന് നൽകിയതായാണ് റിപ്പോർട്ടുകൾ.
ചിപ്സൺ ഏവിയേഷന്റെ ഹെലികോപ്റ്റർ കരാർ പുതുക്കുന്നതുമായി വിമാനയാത്രയെ ബന്ധിപ്പിക്കേണ്ടതില്ലെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. ഒരു ഓപ്പറേറ്റർ എന്ന നിലയിൽ വിമാനം ആവശ്യപ്പെട്ടതിനാലാണ് നൽകിയതെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ഹെലികോപ്റ്റർ കരാർ പുതുക്കാൻ കമ്പനി ശ്രമിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി വിമാനം നൽകിയതിൽ ചോദ്യങ്ങൾ ഉയരുന്നുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. ചിപ്സൺ ഏവിയേഷന്റെ മുൻ ഹെലികോപ്റ്റർ കരാർ സെപ്റ്റംബർ 19ന് അവസാനിച്ചിരുന്നു
വിമാനയാത്രയുടെ പണം ആരാണ് നൽകിയതെന്ന് പറയേണ്ടതുണ്ടോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മലപ്പുറത്ത് ദുരന്തമുണ്ടായ സാഹചര്യത്തിലാണ് യാത്ര നടത്തിയതെന്നും ആവശ്യമെങ്കിൽ ഇനിയും വിമാനത്തിൽ യാത്ര ചെയ്യുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു.












