ആരോഗ്യത്തിനും പോഷകത്തിനുമെല്ലാം നാം ആശ്രയിക്കുന്ന ഭക്ഷണങ്ങളാണ് ചിക്കനും മുട്ടയും. പോഷണത്തിന്റെ കാര്യമെടുത്താൽ രണ്ടും ഒന്നിനൊന്ന് മെച്ചമാണ്. ഇനി ശരീരത്തിൽ പ്രോട്ടീന്റെ അളവ്, വൈറ്റമിൻ എന്നിവ കൂട്ടുകയാണ് ലക്ഷ്യമെങ്കിൽ ഇതിൽ ഏത് കഴിക്കണം എന്ന സംശയമുണ്ടോ?
100 ഗ്രാം വേവിച്ച, തൊലി കളഞ്ഞ ചിക്കൻ ബ്രെസ്റ്റിൽ ഏകദേശം 31 ഗ്രാം അളവിലാണ് പ്രോട്ടീൻ അടങ്ങിയിരിക്കുന്നത്. അതേസമയം മുട്ടയിലാണെങ്കിൽ ഇത് 12 മുതൽ 13 ഗ്രാം മാത്രമാണുള്ളത്. ചുരുക്കി പറഞ്ഞാൽ ഒരേ അളവ് എടുത്താൽ മുട്ടയേക്കാൾ രണ്ടിരട്ടിയിലധികം പ്രോട്ടീൻ കൂടുതലാണ് ചിക്കനിൽ. ചിക്കനിൽ നിന്ന് ലഭിക്കുന്ന 31 ഗ്രാം പ്രോട്ടീൻ മുട്ടയിലൂടെ ലഭിക്കണമെങ്കിൽ നിങ്ങൾ കുറഞ്ഞത് അഞ്ച് വലിയ മുട്ടകളെങ്കിലും കഴിക്കേണ്ടി വരും. അഞ്ച് മുട്ടകൾ കഴിക്കുന്നത് സാധ്യമാണെങ്കിലും, അതിലൂടെ ശരീരത്തിലേക്ക് എത്തുന്ന കലോറിയും കൊഴുപ്പും ചിക്കനെ അപേക്ഷിച്ച് വളരെ കൂടുതലായിരിക്കുമെന്നും അറിഞ്ഞിരിക്കണം. ചിക്കന്റെ ബ്രെസ്റ്റിൽ കലോറിയും കൊഴുപ്പും വളരെ കുറവാണ്. 100 ഗ്രാമിൽ കേവലം 3.6 ഗ്രാം കൊഴുപ്പ് മാത്രമേ അടങ്ങിയിട്ടുള്ളു. ശരീരത്തിൽ കലോറി കൂട്ടാതെ പ്രോട്ടീൻ അളവ് മാത്രം കൂട്ടാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ചിക്കൻ തെരഞ്ഞെടുക്കുന്നതാവും ഏറ്റവും ഉത്തമം.
വൈറ്റമിനുകളുടെ കാര്യത്തിൽ ഒരുപിടി മുമ്പിൽ മുട്ടയാണുള്ളത്. പ്രകൃതിയുടെ ‘മൾട്ടിവൈറ്റമിൻ’ എന്നാണ് മുട്ട അറിയപ്പെടുന്നത്. മസ്തിഷ്കം, കണ്ണ് തുടങ്ങിയവയുടെ ആരോഗ്യം കാക്കുന്നതിൽ മുട്ടയ്ക്ക് വിലിയ പങ്കാണുള്ളത്. മസ്തിഷ്കാരോഗ്യത്തിന് ആവശ്യമായ കോളിൻ, വൈറ്റമിൻ ഡി, വൈറ്റമിൻ ബി12, കണ്ണുകളുടെ സംരക്ഷണത്തിന് സഹായിക്കുന്ന ലൂട്ടിൻ തുടങ്ങിയ പോഷകങ്ങൾ മുട്ടയുടെ മഞ്ഞക്കരുവിൽ നിന്നും നമ്മുക്ക് ലഭിക്കും. മൊത്തത്തിലുള്ള വൈറ്റമിനുകളുടെ കാര്യത്തിൽ മുട്ടയാണ് മുമ്പിൽ.












