കോഴിക്കോട്: ബാങ്കിൽ നിന്ന് ലോൺ എടുക്കുകയും തിരിച്ചടവിനു വേണ്ടി ചെക്ക് കൊടുക്കുകയും ചെയ്യുന്നത് സാധാരണയാണ്. എന്നാൽ ബാങ്കിന്റെ പ്രവർത്തന സമയത്തിന് മുൻപേ തന്നെ ചെക്ക് പ്രസന്റ് ചെയ്തു, പണമില്ലാതെ മടങ്ങിയാൽ വലിയ പെനാൽറ്റി തുക വകവച്ച് എടുക്കുന്ന കഴുത്തറപ്പൻ ബാങ്കിംഗ് സ്ഥാപനങ്ങൾ ഉണ്ട്.
ഉപഭോക്താവ് ചോദ്യം ചെയ്താൽ ഞങ്ങളുടെ സിസ്റ്റത്തിൽ രാത്രി 12 മണി കഴിഞ്ഞാൽ പിറ്റേദിവസത്തെ പണം ഇടപാട് തുടങ്ങും എന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയായിരിക്കും ലഭിക്കുന്നത്. ഒരു സാധാരണ ഉപഭോക്താവിന് ഇത് ചോദ്യം ചെയ്യുവാനുള്ള നിയമപരിജ്ഞാനം ഉണ്ടായിരിക്കില്ല.
എന്നാൽ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് സെക്ഷൻ 65 പ്രകാരം ചെക്ക് പ്രസന്റ് ചെയ്യേണ്ടത് ബാങ്കിന്റെ സാധാരണയുള്ള പ്രവർത്തന സമയത്തിലായിരിക്കണം. ബാങ്ക് സമയത്തിന് മുൻപ് ചെക്ക് പ്രസന്റ് ചെയ്ത്, വലിയ പെനാൽറ്റി തുക ഈടാക്കിയാൽ നിയമപ്രകാരം ഉപഭോക്താവിന് ബാങ്കിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുവാൻ അർഹതയുണ്ട്.






