കോഴിക്കോട്: നാദാപുരം താലൂക്ക് ആശുപത്രിയിൽ രോഗിക്ക് തെറ്റായ മരുന്ന് നൽകിയതായി പരാതി. കോഴിക്കോട് മുടവന്തേരി സ്വദേശിയായ ചന്ദ്രനാണ് മരുന്ന് മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
അബോധാവസ്ഥയിലായ ചന്ദ്രനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ ബെഡിൽ ഉണ്ടായിരുന്ന മറ്റൊരു രോഗിക്ക് നൽകേണ്ടിയിരുന്ന മരുന്നാണ് ചന്ദ്രന് നൽകിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.
പരാതി ഉയർന്നതിന് പിന്നാലെ ആശുപത്രി രേഖകളിൽ കൃത്രിമം നടത്തിയെന്നും ബന്ധുക്കൾ ആരോപിച്ചു. കൂടാതെ, രോഗിക്ക് ഉണ്ടായിരുന്ന ന്യൂമോണിയ രോഗബാധ സമയത്ത് കണ്ടെത്താൻ ആശുപത്രിക്ക് കഴിഞ്ഞില്ലെന്നും അവർ പറയുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം ലഭ്യമായിട്ടില്ല.






