ടെഹ്റാൻ: ഇന്ത്യയിലേക്കുള്ള 30 കപ്പലുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നതായി റിപ്പോർട്ട്. ഷിപ്പിങ് മന്ത്രാലയത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വിവരം പുറത്തുവിട്ടത്. ഇതോടൊപ്പം, ഇന്ത്യയിലേക്കുള്ള 26 കപ്പലുകൾ കൂടി പേർഷ്യൻ ഉൾക്കടലിൽ കാത്തുകിടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിന് ശേഷം ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതത്തിൽ പുരോഗതിയുണ്ടായതായി വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലേക്കെത്തുന്ന 30 കപ്പലുകളിൽ പകുതിയിലധികവും എൽപിജി, എൽഎൻജി എന്നിവ വഹിക്കുന്നവയാണ്. കൂടാതെ, എട്ട് ബൾക്ക് കാർഗോ കപ്പലുകളും ഏഴ് ക്രൂഡ് ഓയിൽ ടാങ്കറുകളും ഈ കൂട്ടത്തിലുണ്ട്.
ഇന്ത്യയിലേക്ക് ഇന്ധനവും മറ്റ് പ്രധാന ചരക്കുകളും എത്തിക്കുന്ന കപ്പലുകളുടെ നീക്കം അധികൃതർ നിരന്തരം നിരീക്ഷിച്ചുവരികയാണ്. മാർച്ച് 1 മുതൽ ജൂൺ 17 വരെ 19 കപ്പലുകൾ മാത്രമാണ് ഹോർമുസ് കടലിടുക്ക് കടന്നത്. എന്നാൽ, അമേരിക്ക-ഇറാൻ ധാരണയ്ക്ക് ശേഷം 11 കപ്പലുകൾ കൂടി സുരക്ഷിതമായി യാത്ര പൂർത്തിയാക്കി.
ഇപ്പോൾ പേർഷ്യൻ ഉൾക്കടലിൽ തുടരുന്ന 26 കപ്പലുകളിൽ ഇന്ധനം, വളം, മറ്റ് ചരക്കുകൾ എന്നിവയാണ് പ്രധാനമായും ഉള്ളത്. ലോക ഊർജ വിതരണത്തിന്റെ വലിയൊരു പങ്ക് കടന്നുപോകുന്ന പ്രധാന അന്താരാഷ്ട്ര ജലപാതയാണ് ഹോർമുസ് കടലിടുക്ക്.
ഇന്ത്യയുടെ എൽപിജി, എൽഎൻജി ഇറക്കുമതിയിൽ ഗൾഫ് മേഖലക്ക് നിർണായക സ്ഥാനമുള്ളതിനാൽ, ഹോർമുസ് കടലിടുക്ക് വഴിയുള്ള തടസ്സമില്ലാത്ത കപ്പൽ ഗതാഗതം രാജ്യത്തിന്റെ ഊർജ സുരക്ഷയ്ക്ക് ഏറെ പ്രധാനമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.






