തിരുവനന്തപുരം: പിഎസ്‌സി നടത്തിയ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസർച്ച് ഓഫീസർ പരീക്ഷയിൽ ഗുരുതര ക്രമക്കേട് നടന്നതായി ഉദ്യോഗാർഥികളുടെ പരാതി. ജൂൺ 18ന് നടന്ന പരീക്ഷയിലാണ് ക്രമക്കേട് ഉണ്ടായതെന്നാണ് ആരോപണം.
പരീക്ഷയ്ക്ക് രണ്ട് മാസം മുമ്പ് സിലബസിൽ മാറ്റം വരുത്തിയെങ്കിലും ഉദ്യോഗാർഥികളെ ഇക്കാര്യം അറിയിച്ചില്ലെന്നാണ് പരാതി. പരീക്ഷാ ദിവസമാണ് സിലബസ് മാറിയ വിവരം പലരും അറിഞ്ഞതെന്നും ഉദ്യോഗാർഥികൾ പറയുന്നു.
ഇതുവരെ ഈ തസ്തികയിലേക്കുള്ള പരീക്ഷയിൽ ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ജനറൽ നോളജ് എന്നീ വിഷയങ്ങളാണ് പ്രധാനമായും ഉൾപ്പെട്ടിരുന്നത്. എന്നാൽ ഇത്തവണ ജനറൽ നോളജ് ഒഴിവാക്കി പകരം കൊമേഴ്‌സ് ഉൾപ്പെടുത്തിയതായും ഇത് സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
ഉത്തരസൂചികയിലും അസ്വാഭാവികതയുണ്ടെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. 100 ചോദ്യങ്ങളിൽ 54 ചോദ്യങ്ങൾക്കും ‘ബി’ ഓപ്ഷനാണ് ശരിയുത്തരമായി നൽകിയിരിക്കുന്നതെന്നാണ് അവരുടെ ആരോപണം. ചിലരെ സഹായിക്കാനായി മനപ്പൂർവം ക്രമക്കേട് നടത്തിയതാണെന്ന സംശയവും ഉദ്യോഗാർഥികൾ ഉയർത്തുന്നുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി പരീക്ഷ റദ്ദാക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. വിഷയത്തിൽ മുഖ്യമന്ത്രിക്കും പിഎസ്‌സി ചെയർമാനും പരാതി നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു.






