കണ്ണൂർ: വോട്ട് ചോദിക്കാൻ എത്തിയ യുഡിഎഫ് സ്ഥാനാർഥിയോട് കണ്ണൂർ പോളിടെക്നിക് കോളേജിൽ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ അപമര്യാദയായി പെരുമാറിയെന്ന് പരാതി. വോട്ട് ചോദിക്കാൻ അനുവദിക്കാതെ ബഹളം വെച്ചുവെന്നാണ് യുഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നത്. തോട്ടട ഗവൺമെന്റ് പോളിടെക്നിക് കോളേജിലാണ് സംഭവം. സ്ഥലത്ത് അതിരൂക്ഷമായ വാക്കേറ്റം ഉണ്ടായി, കൈയ്യാങ്കളിയിലേക്ക് എത്താനൊരുങ്ങിയ സാഹചര്യവും ഉണ്ടായതായി പറയുന്നു. എസ്എഫ്ഐയുടെ ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് കോളേജ്. മുൻപും ഇവിടെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.






