തൃക്കരിപ്പൂർ: പിലിക്കോട് പുത്തിലോട്ട് എയുപി സ്‌കൂളിലെ 137-ാം നമ്പർ ബൂത്തിൽ യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാരിയർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി. കള്ളവോട്ട് ആരോപണത്തെത്തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വോട്ട് ചെയ്യാനെത്തിയ ഒരു വ്യക്തിക്കെതിരെ യുഡിഎഫ് ഏജന്റ് കള്ളവോട്ട് ആരോപണം ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
എന്നാൽ, വോട്ട് ചെയ്യാനെത്തിയ ആൾ തന്റെ വോട്ട് തന്നെയാണെന്ന് രേഖകൾ സഹിതം ഉറപ്പിച്ചു പറയുകയും ഉദ്യോഗസ്ഥർ ഇത് ശരിവെക്കുകയും ചെയ്തതോടെ ബൂത്തിനകത്ത് വാക്കുതർക്കം രൂക്ഷമായി. ഈ സമയത്ത് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാരിയർ പ്രിസൈഡിങ് ഓഫിസറോട് കയർക്കുകയും ഭീഷണിപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തുവെന്നാണ് ഉയരുന്ന പരാതി. സ്ഥാനാർഥിയുടെ ഇടപെടൽ ബൂത്തിനകത്തെ നടപടികളെ തടസ്സപ്പെടുത്തിയെന്ന് എൽഡിഎഫ് പ്രവർത്തകർ ആരോപിച്ചു.
സംഭവത്തെ തുടർന്ന് എൽഡിഎഫ് പ്രവർത്തകരും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാരും ബൂത്തിന് പുറത്ത് പ്രതിഷേധവുമായി രംഗത്തെത്തി. സമാധാനപരമായി വോട്ടിങ് നടന്നു വരികയായിരുന്ന ബൂത്തിൽ മനഃപൂർവ്വം പ്രകോപനം സൃഷ്ടിക്കാനും അന്തരീക്ഷം തകർക്കാനുമാണ് യുഡിഎഫ് സ്ഥാനാർഥി ശ്രമിച്ചതെന്ന് എൽഡിഎഫ് ആരോപിച്ചു. വോട്ടെടുപ്പ് തടസ്സപ്പെടുത്താനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രിസൈഡിങ് ഓഫിസർ മേൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകുമെന്നാണ് സൂചന. സ്ഥലത്ത് പോലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കി വോട്ടിങ് പുനരാരംഭിച്ചു.




