തിരുവനന്തപുരം : വെഞ്ഞാറമൂട് നടന്ന തർക്കത്തിനിടെ സിപിഎം പ്രവർത്തകർ ഇന്ത്യൻ കോഫിഹൗസ് ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. പരിക്കേറ്റ കാപ്പിച്ചിറ കോലിയക്കോട് രഞ്ജിത്ത് ഭവനിൽ രജി (32) ആശുപത്രിയിൽ ചികിത്സ തേടി.
ഞായറാഴ്ച രാത്രിയോടെയാണ് കോലിയക്കോട് ജങ്ഷനു സമീപം സുഹൃത്തുമായി സംസാരിച്ചുനിന്ന രജിത്തും പാർട്ടി ഓഫീസിലുണ്ടായിരുന്ന മൂന്ന് സിപിഎം പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായത്. രജിത്തിനെ മർദിക്കുകയും അതിൽ ഒരാളുടെ കൈയിലുണ്ടായിരുന്ന കീച്ചെയിനിലുള്ള കത്തിയുപയോഗിച്ച് കുത്തുകയും ചെയ്‌തെന്നാണ് പരാതി.
നെഞ്ചിലും കൈയിലും കുത്തേറ്റ രജിത് ആശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുൻപുണ്ടായ കുടുംബവഴക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്ന് പാർട്ടി ഓഫീസിലുണ്ടായിരുന്നവരും രജിത്തും തമ്മിൽ വാക്കേറ്റമുണ്ടാകുക മാത്രമാണു ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നും സിപിഎം നേതാക്കൾ പറഞ്ഞു.




