ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയരുന്നു. താനെയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ 18 മാസമായി വിവിധ ആരോഗ്യപ്രശ്നങ്ങളുമായി അദ്ദേഹം പോരാടുകയാണ്. നിലവിൽ നില വഷളായിട്ടില്ലെങ്കിലും അപകടസാധ്യത തുടരുന്നതായി അടുത്ത സുഹൃത്തും മുൻ ഫസ്റ്റ്-ക്ലാസ് അമ്പയറുമായ മാർക്കസ് ഔട്ടോ വ്യക്തമാക്കി.
തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് കാംബ്ലിക്ക് കടുത്ത മറവിരോഗ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ട്. കാര്യങ്ങൾ ഓർത്തെടുക്കുന്നതിലും പിന്നീട് മറന്നുപോകുന്നതിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. മദ്യപാനം പൂർണ്ണമായി ഉപേക്ഷിച്ചെങ്കിലും പുകവലി തുടരുന്നത് വലിയ അപകടമുണ്ടാക്കാമെന്നും ഇത് പക്ഷാഘാതത്തിന് വരെ കാരണമാകാമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
ആരോഗ്യപ്രശ്നങ്ങൾക്കിടയിലും കാംബ്ലി ക്രിക്കറ്റുമായി ബന്ധപ്പെട്ട ജീവിതത്തിലേക്ക് പതുക്കെ മടങ്ങിവരാനുള്ള ശ്രമത്തിലാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം അടുത്തിടെ ഒരു ഐസ്‌ക്രീം പരസ്യത്തിൽ അഭിനയിച്ചു. മുംബൈയിലെ ശിവാജി പാർക്കിലെ മഹിം ജുവനൈൽ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ചിത്രീകരണം.
നടക്കാൻ വടിയുടെ സഹായം തേടുന്നെങ്കിലും കുടുംബത്തോടൊപ്പം നല്ല മാനസികാവസ്ഥയിൽ തന്നെയാണെന്ന് അദ്ദേഹത്തെ സന്ദർശിച്ചവർ പറയുന്നു.
കാംബ്ലിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് സുനിൽ ഗവാസ്കർ, കപിൽ ദേവ് തുടങ്ങിയ ക്രിക്കറ്റ് ഇതിഹാസങ്ങൾ പിന്തുണയുമായി രംഗത്തെത്തി. 1983 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമംഗങ്ങൾ അദ്ദേഹത്തിനായി പ്രത്യേക ആരോഗ്യപുനരധിവാസ പദ്ധതി തയ്യാറാക്കാൻ ശ്രമിക്കുന്നുണ്ട്.
2024 ഡിസംബറിൽ സച്ചിൻ തെണ്ടുൽക്കർക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കാംബ്ലി ക്ഷീണിതനായി കാണപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു.




