തിരുവനന്തപുരം : ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ബസ് യാത്രയ്ക്കിടെ അപമാനിച്ച കെഎസ്ആർടിസി കണ്ടക്ടർ വെമ്പായം വേറ്റിനാട് രാജ്ഭവനിൽ സത്യരാജിനെ(53) കോടതി അഞ്ചു വർഷം കഠിന തടവിനും 25,000 പിഴയ്ക്കും ശിക്ഷിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് ശിക്ഷ വിധിച്ചത്. പൊതുഗതാഗതസംവിധാനം സുരക്ഷിതമെന്നു കരുതി യാത്രചെയ്ത വിദ്യാർഥിനിക്ക് സംരക്ഷണമൊരുക്കാൻ ബാധ്യസ്ഥനായ കണ്ടക്ടർതന്നെ വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ചത് ഗുരുതര കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു.
നെടുമങ്ങാട് ഡിപ്പോയിൽനിന്ന് സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറായിരുന്നു സത്യരാജ്. കണ്ടക്ടർ ശല്യപ്പെടുത്തുന്നതായി കുട്ടി സ്കൂളിൽ അറിയിച്ചു. സ്കൂളധികൃതരുടെ പരാതിയിൽ ആര്യനാട് പോലീസാണ് പ്രതിക്കെതിരേ കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.




