തിരുവനന്തപുരം: തിരുവനന്തപുരത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ പതിനേഴുകാരൻ കൊല്ലപ്പെട്ടു. പെരിങ്ങമല സ്വദേശി ശിവസൂര്യയാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ അജിത്, കാർത്തിക് എന്നിവരെ നരുവാമൂട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പുന്നമൂടാണ് സംഭവം നടന്നത്. രണ്ട് ബൈക്കുകളിലായി എത്തിയ സംഘം റോഡിന് സമീപം ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിനിടെ ശിവസൂര്യയെ സുഹൃത്തുക്കൾ പിടിച്ച് തള്ളുകയും റോഡിന് സമീപത്തെ തുണിക്കടയിലെ ചില്ലിലേക്ക് വീഴുകയുമായിരുന്നു. ചില്ല് പൊട്ടി ശിവസൂര്യയുടെ നെഞ്ചിൽ കയറി. പരിക്കേറ്റ ശിവസൂര്യയെ അജിത്തും കാർത്തിക്കും ചേർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമ്പോഴേക്കും മരണം സംഭവിച്ചുരുന്നു. പിടിയിലായ അജിത്, കാർത്തിക് എന്നിവരെ പൊലീസ് ചോദ്യം ചെയ്‌തുകൊണ്ടിരിക്കുകയാണ്.






