ഒരുവിധം ആരോപണങ്ങളും അസ്വാരസ്യങ്ങളും പറഞ്ഞൊതുക്കി തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന എല്‍ഡിഎഫിന് പുതിയ തലവേദന വന്നിരിക്കുന്നത് തൃശ്ശൂര്‍ ജില്ലയില്‍ നിന്നാണ്. നാട്ടികയില്‍ പേയ്മെന്റ് സീറ്റ് ആരോപണം ഉന്നയിച്ചിരിക്കുന്നത് സിസി മുകുന്ദന് എംഎല്‍എയാണ്. സിപിഐയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്ള തന്റെ അതൃപ്തി പരസ്യമായി അറിയിച്ചിരിക്കുകയാണ് അദ്ദേഹം. ഒപ്പം ഒരു ഭീഷണിയും, സിപിഐ സീറ്റ് തന്നില്ലെങ്കിലും താന്‍ മത്സരിക്കും. ഇത് കേട്ടതോടെയാണ് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും കണ്ണ് തെളിഞ്ഞിരിക്കുന്നത്. ഒരു സിറ്റിങ് എംഎല്‍എയെ പാളയത്തിലെത്തിക്കാനായാല്‍ അതിലും വലിയ നേട്ടം മറ്റെന്തുണ്ട്.
പരസ്യമായ അതൃപ്തി മുതലെടുത്ത് തൃശൂരില്‍ നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് സിസി മുകുന്ദനെ യുഡിഎഫില്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ ഇതിനോടകം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലാണ് നീക്കങ്ങള്‍ പുരോഗമിക്കുന്നത്. നേതാക്കള്‍ മുകുന്ദനുമായി സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ തവണ വന്‍ വിജയം നേടിയിട്ടും തന്നെ അവഗണിച്ചു എന്നതാണ് മുകുന്ദന്റെ പരിഭവം. മുന്‍ എം.എല്‍.എ ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയത് ‘പെയ്മെന്റ് സീറ്റ്’ ആണെന്ന സംശയം തനിക്കുണ്ടെന്നും പാര്‍ട്ടിയില്‍ ഇപ്പോള്‍ പണത്തിനാണ് സ്വാധീനമെന്നും അദ്ദേഹം പറഞ്ഞു.തന്റെ അഞ്ചു വര്‍ഷത്തെ ഭരണവും ഗീതാ ഗോപിയുടെ പത്തു വര്‍ഷത്തെ ഭരണവും തമ്മില്‍ താരതമ്യം ചെയ്യാന്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ഗീതാ ഗോപിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്ന മുന്നറിയിപ്പ് സിപിഐക്ക് തള്ളിക്കളയാനാകാത്തതാണ്.






