നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നതാണ് നായർ–ഈഴവ ഐക്യത്തിന്റെ രൂപീകരണം. ഈ സമുദായങ്ങൾ ഐക്യം ശക്തമാകുന്നതോടെ കോൺഗ്രസിനുള്ളിൽ തന്നെ ഒരു വിഭാഗം കടുത്ത ആശങ്ക പ്രകടിപ്പിക്കുകയാണ്.
സമുദായ നേതാക്കളോട് വിഡി സതീശൻ വെല്ലുവിളി ഒഴിവാക്കണമെന്നാണ് പാർട്ടിക്കുള്ളിലെ ആവശ്യം. വെള്ളാപ്പള്ളിയും സുകുമാരൻ നായരും കൈകൊടുത്തതോടെ നാല് തെക്കൻ ജില്ലകളിൽ കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് പൊതുവെയുളള വിലയിരുത്തൽ.
വർഗീയതക്കെതിരായ പോരാട്ടത്തിൽ തോറ്റാലും ജയിച്ചാലും കുഴപ്പമില്ലെന്ന വിഡി സതീശന്റെ പ്രസ്താവനയെ തിരുത്തിക്കൊണ്ട് മറ്റ് നേതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്. ഈ വിഷയത്തിൽ ഇനി തോൽവി അംഗീകരിക്കാൻ കഴിയില്ലെന്നും, വർഗീയതയെ ചെറുക്കുന്ന പോരാട്ടത്തിൽ വിജയം അനിവാര്യമാണെന്നുമാണ് അവരുടെ വാദം. അതോടൊപ്പം തന്നെ, എല്ലാ മത–സാമുദായിക വിഭാഗങ്ങളുമായും സൗഹൃദപരമായ ബന്ധം നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും നേതാക്കൾ ഊന്നിപ്പറയുന്നുണ്ട്.
അടിക്കടി തിരിച്ചടി നൽകുന്ന നിലപാട് വേണ്ടെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ ശക്തമാണ്. എന്നാൽ, വിഡി സതീശൻ ഇപ്പോഴും വീരപരിവേഷത്തിലാണ് മുന്നോട്ട് പോകുന്നത്. സമുദായ നേതാക്കൾ തമ്മിൽ ഐക്യത്തിലായിരുന്നുവെന്നും, തദ്ദേശ തെരഞ്ഞെടുപ്പിലും ശബരിമല വിഷയത്തിലും ഇരു സംഘടനാ നേതാക്കളും സ്വീകരിച്ച നിലപാടുകൾ കോൺഗ്രസിന് അനുകൂലമായിരുന്നു എന്നാണ് സതീശന്റെ അനുകൂലികൾ പറഞ്ഞു നടക്കുന്നത്. ഇതൊന്നും കൊണ്ട് വോട്ട് നഷ്ടപ്പെടില്ലെന്ന ആത്മവിശ്വാസത്തിലാണ് സതീശനും കൂട്ടാളികളും.
എല്ലാത്തിലും കേറി അഭിപ്രായ പറയുന്ന നിലപാടുകളുടെ രാജകുമാരൻ ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. എൻ.എസ്.എസ് – എസ്.എൻ.ഡി.പി ഐക്യ പ്രഖ്യാപനം അക്ഷരാർഥത്തിൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചുവെന്നാണ് നേതാക്കളുടെ ആദ്യ പ്രതികരണങ്ങളിൽ നിന്നുതന്നെ വ്യക്തമാകുന്നത്. പ്രത്യേകിച്ച് യു ഡി എഫ് രാഷ്ട്രീയത്തിൽ അത് വലിയ പ്രത്യാഘാദങ്ങൾ സൃഷ്ടിക്കുമെന്നും ഉറപ്പാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ വിജയാഹ്ലാദ പ്രകടനം നടത്തിയ കോൺഗ്രസിനുള്ള മുന്നറിയിപ്പാണ് ഭൂരിപക്ഷ സമുദായങ്ങൾ ഐക്യപ്പെടേണ്ട നിലയിലേക്ക് എത്തിച്ചത്. വർഷങ്ങളായുള്ള ഏറ്റുമുട്ടൽ കൊണ്ട് എസ്.എൻ.ഡി.പിക്കോ ഈഴവ സമുദായത്തിനോ യാതൊരു ഗുണവുമുണ്ടായിട്ടില്ല. സംവരണ വിഷയത്തിലടക്കം മുൻപുണ്ടായിരുന്ന തർക്കങ്ങൾ പ്രായോഗികമായ നേട്ടങ്ങൾ നൽകിയില്ല എന്ന വിലയിരുത്തലിലാണ് ഒന്നിച്ചു നിൽക്കാൻ എസ്.എൻ.ഡി.പി തയാറാകുന്നത്.
മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഒരേ കുടക്കീഴിൽ കൊണ്ടുപോവുക എന്നതായിരുന്നു യു.ഡി.എഫിൻ്റെ നീക്കം. ഇതോടൊപ്പം എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിയെ അദ്ദേഹത്തിന്റെ പ്രായം പോലും മറന്നു വർഗീയ വാദിയായി ചിത്രീകരിക്കാൻ കോൺഗ്രസിൽ നിന്നു ശ്രമം ഉണ്ടായി.
സർക്കാരിന്റെ അയ്യപ്പ സംഗമത്തിൽ പങ്കെട്ടുത്തതിന്റെ പേരിൽ ജി. സുകുമാരൻ നായരുടെ കുടുംബത്തെ പോലും കോൺഗ്രസിന്റെ സൈബർ വെട്ടുകിളികൾ കടന്നാക്രമണം നടത്തിയിരുന്നു. ഭൂരിപക്ഷ വിഭാഗങ്ങൾ ഇത്തരത്തിൽ കൈകോർത്താൽ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലെ ചിത്രം വ്യത്യസ്ഥമാകുമെന്നാണ്പൊതുവെയുളള വിലയിരുത്തൽ.
തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേൺ നിയമസഭയിൽ അതേപടി ആവർത്തിക്കില്ലെന്ന രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ .
സുകുമാരൻ നായരും വെള്ളാപ്പള്ളിയും കൈകോർക്കുകയും നായാടി മുതൽ നസ്രാറാണി വരെയുള്ള സമുദായങ്ങൾ ഈ സഖ്യത്തിൽ അണിച്ചേരുകയും ചെയ്‌താൽ തെരഞ്ഞെടുപ്പു ഫലം പ്രവാചനാതീതമാവും. ഇത് കോൺഗ്രസിന് ആയിരിക്കും വലിയ തിരിച്ചടി സമ്മാനിക്കുക. ന്യൂനപക്ഷ മേഖലകളിൽ വലിയ കടന്നുകയറ്റം നടത്തിക്കൊണ്ട് കോൺഗ്രസ് സംസ്ഥാന ഘടകം ആഘോഷമായി കൊണ്ടാടിയതെല്ലാം ഇതോടെ അടപടലം പൊളിയുമെന്നതിൽ സംശയമില്ല. ഏതയാലും സതീശനും സതീശന്റെ കൂട്ടാളികളും കരുതിയിരിക്കുന്നത് നന്നായിരിക്കും










