കോഴിക്കോട് ജില്ലയിൽ 20 വർഷമായി സ്വന്തമായി ഒരു എംഎൽഎ ഇല്ലെന്ന ക്ഷീണം കോൺഗ്രസിനുണ്ട്. 2006 മുതലിങ്ങോട്ടുള്ള നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് വട്ടപൂജ്യമാണ്. മുന്നണിയെ കാത്തതാകട്ടെ മുസ്ലീം ലീഗും. 2006ല്‍ കോഴിക്കോട്ടെ 12 നിയമസഭാ സീറ്റുകളില്‍ 11 സീറ്റിലും ഇടതുപക്ഷം വിജയം നേടിയപ്പോള്‍ കുന്ദമംഗലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ലീഗ് പിന്തുണയോടെ ജയിച്ച യു സി രാമന് മാത്രമാണ് വിജയം നേടാനായത്. 2011ല്‍ 13 നിയമസഭാ സീറ്റുകളില്‍ 10ലും എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎഫ് നേടിയ മൂന്ന് സീറ്റിലും വിജയിച്ചത് ലീഗ് സ്ഥാനാര്‍ത്ഥികളായിരുന്നു. തിരുവമ്പാടിയില്‍ നിന്നും മോയിന്‍ കുട്ടിയും കോഴിക്കോട് സൗത്തില്‍ നിന്നും എം കെ മുനീറും കൊടുവള്ളിയില്‍ നിന്ന് വിഎം ഉമ്മറുമാണ് യുഡിഎഫ് പ്രതിനിധികളായി നിയമസഭയില്‍ എത്തിയത്. 2016ല്‍ 13 സീറ്റുകളില്‍ 11 സീറ്റും എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎഫ് ജയിച്ച രണ്ടും ലീഗിന്റെ സീറ്റുകളായിരുന്നു. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുളളയും കോഴിക്കോട് സൗത്തില്‍ എം കെ മുനീറും. ഏറ്റവും അവസാനം നടന്ന 2021ലെ തിരഞ്ഞെടുപ്പിലും യുഡിഎഫ് കോഴിക്കോട് ജില്ലയില്‍ രണ്ട് സീറ്റുകളിലേക്ക് ഒതുങ്ങി. വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി കെ കെ രമയും കോഴിക്കോട് സൗത്തില്‍ നിന്ന് മാറിയ എം കെ മുനീര്‍ കൊടുവളളിയിലും വിജയിച്ചു.
എം കെ മുനീർ മാറിയ കോഴിക്കോട് സൗത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെടുകയാണ് ഉണ്ടായത്. 2001ലെ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ യുഡിഎഫിന് ആറ് സീറ്റുകളില്‍ വിജയിക്കാനായപ്പോള്‍ രണ്ട് സീറ്റുകളില്‍ വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്നു എന്നതൊഴിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പുകളിലൊന്നും കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വകയുണ്ടായിട്ടില്ല. ഇതിന് ഇപ്പോൾ കോൺഗ്രസിന്റെ പക്കൽ മണ്ഡലങ്ങൾ ഒരു പരിഹാരമുള്ളത് ലീഗ് നിലവിൽ മത്സരിക്കുന്ന ചില സീറ്റുകൾ ഏറ്റെടുത്ത് മത്സരിച്ചു വിജയിക്കുക എന്നതാണ്. നിലവില്‍ മുസ്ലീം ലീഗ് മത്സരിച്ചുവരുന്ന തിരുവമ്പാടി കോണ്‍ഗ്രസ് ഏറ്റെടുത്ത് മത്സരിച്ചാല്‍ വിജയിക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. 2016ല്‍ ലീഗ് സ്ഥാനാര്‍ത്ഥി വി എം ഉമ്മര്‍മാസ്റ്ററെ പരാജയപ്പെടുത്തി സിപിഎമ്മിലെ ജോര്‍ജ് എം തോമസ് പിടിച്ചെടുത്ത മണ്ഡലമാണ് തിരുവമ്പാടി. 2021ലും ലീഗിന് മണ്ഡലത്തില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.






