കോഴിക്കോട്: ജില്ലാ സ്‌കൂള്‍ കലോല്‍സവം സമാപിക്കുമ്പോള്‍ ബാക്കിപത്രമാകുന്നത് വിധി നിര്‍ണയത്തിലെ പോരായ്മകളെന്ന് വിമര്‍ശനം. പല മത്സര വേദികളും സംഘര്‍ഷഭരിതമാകുന്ന സ്ഥിതി. ജയിക്കേണ്ടവര്‍ തോല്‍ക്കുകയും തോല്‍ക്കേണ്ടവര്‍ ജയിക്കുകയും ചെയ്തപ്പോള്‍ മല്‍സരാര്‍ഥികള്‍ കണ്ണീരുമായാണ് മടങ്ങിയത്. സംഘനൃത്തം, മൈമിംഗ്, ഇരുളനൃത്തം, ചെണ്ടമേളം തുടങ്ങിയവയുടെ വേദികളില്‍ കുട്ടികളുടെ കണ്ണീര്‍ വീണു. പോലീസ് ഇടപെടല്‍ വരെ വേണ്ടി വന്നു രംഗം ശാന്തമാകാന്‍.
വിധി നിര്‍ണയത്തെ ചൊല്ലി പരാതി വ്യാപകമാണ്. സ്വകാര്യ സ്‌കൂളുകളുടെ പണാധിപത്യമാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണമെന്നാണ് കാണികള്‍ പറയുന്നത്. വിധികര്‍ത്താക്കള്‍ എത്താന്‍ മണിക്കുറുകള്‍ വൈകിയത് മല്‍സരാര്‍ഥികളെ വലച്ച സംഭവങ്ങളുമുണ്ടായി. മാര്‍ഗംകളി മത്സരാര്‍ഥികള്‍ കാത്തിരുന്നു വലഞ്ഞു. നിരവധി വിദ്യാര്‍ഥികളാണ് കുഴഞ്ഞുവീണത്. ഇന്നലെ മാത്രം എട്ട് പേര്‍ കുഴഞ്ഞുവീണു. ഒരു കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നു. പ്രോഗ്രാം കമ്മിറ്റിക്കെതിരെയാണ് എല്ലാ വിമര്‍ശനങ്ങളും ഉയരുന്നത്. മത്സരാര്‍ഥികള്‍ക്കും ഒപ്പമുള്ള അധ്യാപകര്‍ക്കും ഇതു സംബന്ധിച്ച് പലതവണ ബഹളം വെക്കേണ്ടിവന്നു.






