കറാച്ചി: അവിഹിഹബന്ധം അരോപിച്ച് ദമ്പതിമാരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മരുഭൂമിയില്‍ വെച്ചാണ് ക്രൂര കൊലപാതകം നടന്നത്. ഒരു വാഹനത്തില്‍ നിന്നും ദമ്പതികളെ പിടിച്ചിറക്കി വെടിവെച്ച് കൊല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 13 പേരെ അറസ്റ്റ് ചെയ്തത്.
ഇല്‍സാനുള്ള, ബാനോ ബീബി എന്നിവരെയാണ് ഒരു സംഘം കൊലപ്പെടുത്തിയത്. മൂന്ന് ദിവസം മുന്‍പാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ദുരഭിമാനക്കൊലപാതകമാണ് സംഭവമെന്നാണ് പുറത്ത് വരുന്ന വിവരം. അവിഹിതബന്ധം ആരോപിച്ച് ഗോത്ര നേതാവ് വിധിച്ച വധ ശിക്ഷയാണ് നടപ്പിലാക്കിയതെന്നും, ദുരഭിമാനക്കൊലയാണ് ഇതെന്നുമാണ് രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും ആരോപിക്കുന്നത്.
സംഭവം വിവാദമായതോടെ മതപണ്ഡിതരും പൊതുസമൂഹവും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ട ബാനോ ബീബിയുടെ സഹോദരന്‍ ഉള്‍പ്പെടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ഒളിവിലാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ട്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും ബലൂചിസ്ഥാന്‍ പൊലീസ് അറിയിച്ചു.






